ജിദ്ദ – മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണം അംഗീകരിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഇതനുസരിച്ച് സല്‍മാന്‍ രാജാവും, പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിക്കാത്ത മന്ത്രിസഭാ യോഗത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരില്‍ പെട്ട, മന്ത്രിസഭാ യോഗത്തില്‍ സംബന്ധിക്കുന്ന ഏറ്റവും പ്രായം കൂടിയ രാജകുമാരന്‍ അധ്യക്ഷം വഹിക്കും.
മന്ത്രിസഭാ തീരുമാനങ്ങളില്‍ യോഗത്തില്‍ അധ്യക്ഷം വഹിക്കുന്ന രാജകുമാരന്‍ ഒപ്പുവെക്കണമെന്നും രാജകല്‍പനയിൽ വ്യക്തമാക്കി. ഹിജ്‌റ വര്‍ഷം 1414 ല്‍ പുറപ്പെടുവിച്ച രാജകല്‍പന പ്രകാരമുള്ള മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പില്‍ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണമെന്നും രാജകല്‍പനയിൽ വ്യക്തമാക്കി.