ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചത് ഇറാന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്‍ഖിറൈജി പറഞ്ഞു. വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനെ പ്രതിനിധീകരിച്ച് ജിദ്ദയില്‍ ഒ.ഐ.സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്താണ് ഹനിയ്യ വധത്തിലെ സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഡെപ്യൂട്ടി വിദേശ മന്ത്രി വ്യക്തമാക്കിയത്.
അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും പ്രമേയങ്ങളും അവഗണിച്ച്, ഇസ്രായിലിന്റെ നഗ്നമായ ആക്രമണങ്ങളും ഫലസ്തീനിലും ഫലസ്തീന് പുറത്തും ഫലസ്തീന്‍ ജനതക്കെതിരായ മാനവവിരുദ്ധമായ നടപടികളും കാരണം ഫലസ്തീനില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ഗൗരവം സൗദി ഗവണ്‍മെന്റ് മനസ്സിലാക്കുന്നു. കഴിഞ്ഞയാഴ്ച തെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെ മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയ്യയെ വധിച്ചത് ഇറാന്റെ പരമാധികാരത്തിന്റെയും ദേശീയ, പ്രാദേശിക സുരക്ഷയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണ്. ഇത് മേഖലാ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്.
ഫലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യക്ക് ഉറച്ച നിലപാടുകളാണുള്ളത്. സാധാരണക്കാര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ അപലപിക്കുന്നു. യു.എന്‍ കണ്‍വെന്‍ഷനുകള്‍ക്കും ഒ.ഐ.സി ചാര്‍ട്ടറിനും അനുസൃതമായി, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഏതു ആക്രമണത്തെയും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെയും സൗദി അറേബ്യ നിരാകരിക്കുന്നു.
ഗാസയിലും വെസ്റ്റ് ബാങ്കിലും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമാകുന്ന നിലക്ക് ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചതിലും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ ക്ഷാമത്തിലും ആരോഗ്യ മേഖലയുടെ തകര്‍ച്ചയിലും സൗദി അറേബ്യയുടെ ആഴത്തിലുള്ള ആശങ്ക ഡെപ്യൂട്ടി വിദേശ മന്ത്രി പ്രകടിപ്പിച്ചു. ഈ കുറ്റകൃത്യങ്ങളുടെയും നിയമ ലംഘനങ്ങളുടെയും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയില്‍ ഇവയുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം ഇസ്രായിലിനു മേല്‍ കെട്ടിവെക്കാനും ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികളെടുക്കണം.
ഫലസ്തീന്‍ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കാനും യു.എന്‍ പ്രമേയങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീന്‍ ജനതയെ പ്രാപ്തരാക്കുന്ന സമഗ്രമായ ഒരു പരിഹാരത്തിലെത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും ഡെപ്യൂട്ടി വിദേശ മന്ത്രി പറഞ്ഞു.