കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിലും ഇന്ത്യ പരാജയപ്പെട്ടു. 110 റണ്‍സിന്റെ വന്‍ തോല്‍വിയാണ് രോഹിത് ശര്‍മയും ടീമും നേരിട്ടത്.
249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ ലങ്ക വച്ചത്.കഴിഞ്ഞ രണ്ടു കളിയിലും ക്യാപ്റ്റന്‍ രോഹിത് പൊരുതി നോക്കിയിരുന്നെങ്കിലും ഈ മല്‍സരത്തില്‍ അതും സംഭവിച്ചില്ല. സ്പിന്‍ ബൗളിങിനെ നേരിടുകയെന്നതു തങ്ങള്‍ക്കു പറ്റിയ പണിയല്ലെന്നു മൂന്നാം ഏകദിനത്തിലും കാണിച്ചുതന്ന ഇന്ത്യ വീണ്ടും നാണംകെട്ടു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ലങ്ക 2-0നു സ്വന്തമാക്കുകയും ചെയ്തു. ആദ്യ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ രോഹിത് ശര്‍മ്മ ഇന്ന് പെട്ടെന്ന് പുറത്തായി. 26.1 ഓവറില്‍ 138 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. രോഹിത് (35), വാഷിങ്ടണ്‍ സുന്ദര്‍ (30), വിരാട് കോലി (20), റിയാന്‍ പരാഗ് (15) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല.
അഞ്ചു വിക്കറ്റുകള്‍ പിഴുത യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ന് ഇന്ത്യയുടെ കഥകഴിച്ചത്. 5.1 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് വെല്ലാലഗെ അഞ്ചു പേരെ മടക്കിയത്. കഴിഞ്ഞ കളിയില്‍ ഇന്ത്യയുടെ അന്തകനായ സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായ് രണ്ടു വിക്കറ്റുകളും പിഴുതു. മറ്റൊരു സ്പിന്നറായ മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റുകള്‍ നേടി.
ടീം സ്‌കോര്‍ 37ല്‍ വച്ചാണ് ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. ഗില്ലിനെ (6) അസിത ഫെര്‍ണാണ്ടോ ബൗള്‍ഡാക്കുകയായിരുന്നു. അടുത്ത 45 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ കൂടി ഇന്ത്യ നഷ്ടപ്പെടുത്തി. ഇതോടെ 13 ഓവര്‍ ആവുമ്പോഴേക്കും ഇന്ത്യ ആറു വിക്കറ്റിനും 82 റണ്‍സിലേക്കു വീണു.
ടോസ് ലഭിച്ച ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലെന്‍ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 248 റണ്‍സ് നേടിയത്. ഒരു സമയത്തു 270-280 റണ്‍സെങ്കിലും ലങ്ക നേടേണ്ടതായിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങിലൂടെ അവരെ 250നുള്ളില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിസ് (59) എന്നിവരുടെ ഫിഫ്റ്റികളും പതും നിസങ്കയുടെ (45) ഇന്നിങ്സുമാണ് ലങ്കയ്ക്കു കരുത്തായത്.
102 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്സറുമുള്‍പ്പെട്ടതാണ് അവിഷ്‌കയുടെ ഇന്നിങ്സ്. മെന്‍ഡിസ് 82 ബോളില്‍ നാലു ഫോറുകളടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ അവിഷ്‌ക- നിസങ്ക ജോടി 89 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.
അരങ്ങേറ്റ മല്‍സരം കളിച്ച റിയാന്‍ പരാഗാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. ഒമ്പതോവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ താരം വീഴ്ത്തി.