മക്ക-ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം നടക്കും. മക്ക ഗവർണറുടെ പ്രത്യേക അനുമതിയിൽ മക്കയിലെ ജന്നത്തുൽ മഹല്ലയിലാണ് ഖബറടക്കം. ജന്നത്തുൽ മഹല്ലയിൽ ഖബറടക്കണമെന്നാണ് ആഗ്രഹം എന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ അപേക്ഷ ഇന്ത്യൻ എംബസി മക്ക ഗവർണറേറ്റിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാനുമതി ലഭിച്ചത്. കുവൈത്തിലുള്ള മകൻ സൽമാൻ മക്കയിലെത്തിയാണ് പിതാവിനെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മകൻ സൽമാനും റിയാസും കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്.
മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതായി മക്ക പോലീസാണ് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചത്. എംബസി വിവരം കുടുംബത്തിന് കൈമാറുകയായിരുന്നു. എംബസിയുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്ന് മകൻ സൽമാൻ ദ മലയാളം ന്യൂസിനോട് പറഞ്ഞു. പിതാവിനെ കാണാതായതുമുതൽ കൂടെനിൽക്കുകയും തെരച്ചിലിന് നേതൃത്വം നൽകയും ചെയ്തവർക്കെല്ലാം സൽമാൻ നന്ദി പറഞ്ഞു. മക്ക പോലീസ് അധികാരികൾ, ഹജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ, മക്കയിലെ പൊതുപ്രവർത്തകരും സംഘടനകളും കാര്യമായി സഹായിച്ചുവെന്നും സൽമാൻ പറഞ്ഞു. കുവൈത്തിലുള്ള മക്കളായ സൽമാൻ , റിയാസ് എന്നിവർ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്. കോഴിക്കോട് കായലം സ്കൂൾ റിട്ട.അധ്യാപകനായിരുന്നു മുഹമ്മദ്.