തിരുവനന്തപുരം: എട്ട്, ഒൻപത് ക്ലാസുകളിൽ ഇനി മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശിപാർശ അംഗീകരിച്ച് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പാക്കും.
വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എ പ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുവെന്നുമുള്ള ആക്ഷേപമുയർന്നതോടെ സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്.
ഇതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം മുതൽ തന്നെ എട്ടാം ക്ലാസിൽ എല്ലാവരെയും ജയിപ്പിച്ച് വിടുന്ന രീതി ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും. നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനാണ് ഓരോ വിഷയത്തിനും 30 ശതമാനം നിർബന്ധമാക്കിയുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് ലഭിക്കണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് പുതുതായി നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായാണ് ഇത് നടപ്പാക്കുക. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന പൂർണമായും നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group