മക്ക – മക്ക പ്രവിശ്യയിലെ വാദി ഖനൂന അണക്കെട്ട് ഷട്ടറുകള്‍ സൗദി ഇറിഗേഷന്‍ ഓര്‍ഗനൈസേഷന്‍ തുറന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ 50 ലക്ഷം ഘനമീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്നത്. കര്‍ഷകരുടെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റാനും അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള കിണറുകളിലെ ജലവിതാനം ഉയര്‍ത്താനും ലക്ഷ്യമിട്ട് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്.
വാദി ഖനൂന അണക്കെട്ടിന്റെ സംഭരണ ശേഷി 7.92 കോടി ഘനമീറ്ററാണെന്ന് മക്ക പ്രവിശ്യ സൗദി ഇറിഗേഷന്‍ ഓര്‍ഗനൈസേഷന്‍ മേധാവി എന്‍ജിനീയര്‍ ഹമൂദ് അല്‍സുബൈഇ പറഞ്ഞു. അണക്കെട്ടിന്റെ ഉയരം 70 മീറ്ററും സ്പില്‍വേയുടെ വീതി 134 മീറ്ററും നീളം 326 മീറ്ററുമാണ്. ഖമീസ് ഹര്‍ബ്, സബ്തല്‍ജാറ, അഹദ് ബനീസൈദ് എന്നിവിടങ്ങളിലെയും പരിസരങ്ങളിലെ ഗ്രാമങ്ങളിലെയും നിവാസികള്‍ക്ക് വാദി ഖനൂന അണക്കെട്ട് പ്രയോജനപ്പെടുന്നു. മലവെള്ളപ്പാച്ചില്‍ അപകടങ്ങളില്‍ നിന്ന് ഖുന്‍ഫുദയിലെ നിരവധി പ്രദേശങ്ങളെ അണക്കെട്ട് സംരക്ഷിക്കുന്നു.
താഴ്‌വരയില്‍ വെള്ളം ഒഴുകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണം. ഇവിടങ്ങളില്‍ ജലമൊഴുക്ക് തടസ്സപ്പെടുത്തുന്ന നിലക്ക് മണ്‍തിട്ടകളോ മറ്റു പ്രതിബന്ധങ്ങളോ ഉണ്ടാക്കരുത്. അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ജലസേചന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കര്‍ഷകര്‍ കൃഷിയിടങ്ങള്‍ ഒരുക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും എന്‍ജിനീയര്‍ ഹമൂദ് അല്‍സുബൈഇ ആവശ്യപ്പെട്ടു.