പാരീസ്: ഒളിംപിക്സിലെ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പിന് വിരാമമിട്ട് ബെല്‍ജിയം. ആദ്യ മൂന്ന് മത്സരത്തിലും തോല്‍വി അറിയാതെ എത്തിയ ഇന്ത്യയെ 2-1നാണ് ബെല്‍ജിയം വീഴ്ത്തിയത്. ആദ്യം ലീഡെടുത്ത ശേഷം ഇന്ത്യ കളി കൈവിടുകയായിരുന്നു. ബെല്‍ജിയത്തോട് പരാജയപ്പെട്ടെങ്കിലും നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ സീറ്റുറപ്പിച്ചിരുന്നു.
മികച്ച ഫോമിലുള്ള ബെല്‍ജിയത്തിനെതിരേ തുടക്കം മുതല്‍ ഇന്ത്യ കരുത്തുകാട്ടി. മൂന്നാം മിനുട്ടില്‍ അഭിഷേക് നല്‍കി പാസിനെ മുതലാക്കാന്‍ ഇന്ത്യന്‍ മുന്നേറ്റ നിരക്കായില്ല. അഞ്ചാം മിനുട്ടില്‍ വിക്രം പ്രസാഗും ഹാര്‍ദിക്കും ചേര്‍ന്ന് മിഡ്ഫീല്‍ഡില്‍ നടത്തിയ മുന്നേറ്റത്തെ ബോക്സിന് മുന്നില്‍ ബെല്‍ജിയം പ്രതിരോധിക്കുകയായിരുന്നു. ഏഴാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ വാന്‍ ഔബലിന്റെ മുന്നേറ്റം ഇന്ത്യയുടെ പ്രതിരോധ നിര തകര്‍ത്തു.
എട്ടാം മിനുട്ടില്‍ ബെല്‍ജിയത്തിന് പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും അമിത് രോഹിദാസ് തടുത്ത് ഇന്ത്യയെ രക്ഷിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമിനും ഗോള്‍ നേടാനായില്ല. 20ാം മിനുട്ടില്‍ ഇന്ത്യ ലീഡെടുത്തു. അഭിഷേകാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ബെല്‍ജിയത്തിന് വീണ്ടും പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇതും മുതലാക്കാനായില്ല. ഇതിനിടെ ഇന്ത്യക്ക് ലഭിച്ച പെനല്‍റ്റി കോര്‍ണറും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല.
ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ ബെല്‍ജിയം ഗോള്‍ മടക്കി. തിബ്യു സ്റ്റോക്ക്ബ്രോക്സാണ് ലക്ഷ്യം കണ്ടത്. ഇതോടെ മത്സരം 1-1 എന്ന നിലയിലേക്ക്. 41ാം മിനുട്ടില്‍ അഭിഷേക് പന്തുമായി മുന്നേറി മന്‍പ്രീതിന് പാസ് നല്‍കി. എന്നാല്‍ ഹെന്‍ഡ്രിക്സ് ടാക്കിള്‍ ചെയ്തു. ബെല്‍ജിയം താരത്തിന് ഗ്രീന്‍കാര്‍ഡും റഫറി വിധിച്ചു.
ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്ത് ബെല്‍ജിയം ലീഡെടുത്തു. ഗോള്‍കീപ്പര്‍ ശ്രീജേഷ് മികച്ച ശ്രമം നടത്തിയെങ്കിലും അതിനെ മറികടന്ന് ജോണ്‍ ജോണ്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ഇന്ത്യക്ക് പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇതും ലക്ഷ്യത്തിലെത്തിക്കാനായില്ല. 52ാം മിനുട്ടില്‍ ബെല്‍ജിയം ലീഡുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവ് ഇന്ത്യയെ രക്ഷിച്ചു. എന്നാല്‍ ഗോള്‍ മടക്കാനാവാതെ വന്നതോടെ ഇന്ത്യക്ക് 2-1ന് തോല്‍ക്കേണ്ടി വന്നു.
നേരത്തെ ന്യൂസീലന്‍ഡിനെ 3-2ന് തോല്‍പ്പിച്ച ഇന്ത്യ കരുത്തരായ അര്‍ജന്റീനയോട് 1-1 സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിനും ഇന്ത്യ തോല്‍പ്പിച്ചു. ന്യൂസീലന്‍ഡ് മൂന്ന് മത്സരത്തിലും തോറ്റതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്.