കൽപ്പറ്റ- വയനാട്ടിലെ ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ചൂരൽ മലയിൽ ഉരുൾപ്പൊട്ടലുണ്ടായത്. ചൂരൽ മലയിൽ നിരവധി പേർ സഹായം തേടി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.
പ്രദേശത്തേക്കുള്ള പാലങ്ങൾ തകർന്ന നിലയിലാണ്. അതേസമയം രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ചൂരൽമലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ വെള്ളം കയറി.
വടകര താലൂക്കിലെ നാദാപുരം വിലങ്ങാട് പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടു. പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലാണ്. അടിച്ചിപ്പാറ-മഞ്ഞക്കുന്ന് ഭാഗത്താണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ഉരുൾപ്പൊട്ടലുണ്ടായത്. വാണിമേൽ, ചാലിയാര് പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. വടകര താലൂക്കിലെ നാദാപുരം വിലങ്ങാട് മൂന്നു തവണയാണ് ഉരുൾപ്പൊട്ടലുണ്ടായത്. പുഴയോരത്തെ നിരവധി വീടുകൾ വെള്ളത്തിനടയിലാണ്. ഈ മേഖലയിൽ മലവെള്ളപ്പാച്ചിലും ശക്തമാകുകയാണ്.