ന്യൂദൽഹി-കൊച്ചി- ദൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി വിദ്യാർത്ഥിയടക്കം മൂന്നു വിദ്യാർഥികൾ മരിച്ചു. തിരുവനന്തപുരം സ്വദേശി നെവിൻ ഡാൽവിലാണ് മരിച്ചവരിൽ ഒരാൾ. ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോഴാണ് ഇരുവരും നെവിന്റെ മരണവിവരം അറിഞ്ഞത്. ദേഹാസ്വാസ്ഥ്യമുണ്ടായ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെവിന്റെ അമ്മാവൻ ദൽഹിയിലേക്ക് തിരിച്ചു. കാലടി സർവകലാശാലയിലെ ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയായ ഡോ.ടി.എസ്.ലാൻസ്‌ലെറ്റാണ് നെവിന്റെ മാതാവ്. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷാണ് നെവിന്റെ പിതാവ്.
വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിൽ ശനിയാഴ്ച രാത്രിയോടെയുണ്ടായ വെള്ളപ്പൊക്കത്തിലാണ് നെവിനു പുറമേ തെലങ്കാന, യുപി സ്വദേശികളായ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നിവർ മരിച്ചത്.
പടിഞ്ഞാറൻ ഡൽഹിയിലെ പഴയ രാജേന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലാണ് വെള്ളപ്പൊക്കമുണ്ടായത്. രാത്രി 7.19 ന് ബേസ്‌മെൻ്റിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി തങ്ങൾക്ക് ഫോൺ സന്ദേശം ലഭിച്ചതായും രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ അഞ്ച് ഫയർ എഞ്ചിനുകൾ അയച്ചതായും ഏഴ് മണിക്കൂറെടുത്താണ് ഇത് പൂർത്തിയാക്കിയതെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘത്തെയും വിളിച്ചു.
രക്ഷാപ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് വിദ്യാർത്ഥിനികളുടെ മൃതദേഹം പുറത്തെടുത്തത്, മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം രാത്രിയോടെയാണ് കണ്ടെടുത്തത്.
കോച്ചിംഗ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.