പട്‌ന: നിയമസഭ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ വനിതാ എം.എൽ.എക്ക് നേരെ രൂക്ഷ പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നീയൊരു സ്ത്രീയാണ്, നിനക്കൊന്നും അറിയില്ലേ എന്നായിരുന്നു പരാമർശം. നിതീഷ് കുമാറിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. സ്ത്രീകൾക്കെതിരായ പരാമർശങ്ങളുടെ കാര്യത്തിൽ നിതീഷ് കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.
താനും തൻ്റെ സർക്കാരും പ്രതിപക്ഷ എം.എൽ.എമാരുടെ ആക്രമണത്തിനിരയായതായി നിതീഷ് കുമാർ പറഞ്ഞു. സംവരണ വിഷയത്തിലടക്കം ശക്തമായ പ്രതിഷേധമാണ് നിതീഷ് കുമാറിനെതിരെ പ്രതിപക്ഷം ഉയർത്തിയത്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിൻ്റെ നീക്കം കഴിഞ്ഞ മാസം പട്‌ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. പട്‌ന ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിപക്ഷത്തെ സമാധാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പ്രതിഷേധം തുടർന്നപ്പോൾ, ക്ഷുഭിതനായ കുമാർ, “അരേ മഹിളാ ഹോ, കുച്ച് ജാന്തി നഹിൻ ഹോ? അരേ ബോൽ രാഹി ഹൈ, കഹൻ സേ ആതേ? യേ ലോഗോ നേ കഭി മഹിളാ കോ ആഗേ ബദായാ താ ബോൾ റഹീ ഹോ? (നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ലേ? പ്രതിപക്ഷം സ്ത്രീകൾക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഞങ്ങൾ സംസാരിക്കും, നിങ്ങൾ കേൾക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ തെറ്റ്.) എന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകൾ.
സ്ത്രീകൾക്കെതിരെ വിലകുറഞ്ഞതും അനാവശ്യവും അപരിഷ്‌കൃതവും തരംതാഴ്ന്നതുമായ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിജെപി വനിതാ എംഎൽഎയുടെ സൗന്ദര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മോശം പരാമർശം നടത്തിയിരുന്നു. ഇന്ന് അദ്ദേഹം രണ്ട് തവണ പട്ടികജാതി വനിതാ എംഎൽഎയായ രേഖാ പാസ്വാനെക്കുറിച്ചും വിവാദ പരാമർശം നടത്തി എന്നായിരുന്നു തേജസ്വി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞത്.
ബിഹാർ നിയമസഭയിൽ പ്രസംഗങ്ങളിലൂടെ നിതീഷ് കുമാർ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം നവംബറിൽ, ഗർഭധാരണം ഇല്ലാതാക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് പറഞ്ഞത് വൻ വിവാദമായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് പരാമർശം പിൻവലിച്ച് നിതീഷ് കുമാർ മാപ്പുപറഞ്ഞു.