ജിദ്ദ – അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് പുതിയ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി നിയമം അംഗീകരിച്ചത്. അഴിമതി കേസുകളില്‍ കുറ്റക്കാരാണെന്ന് തെളിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമം അനുശാസിക്കുന്നു.
അനധികൃത സമ്പാദ്യം, അഴിമതി കേസ് പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെടല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും നിയമത്തിലുണ്ട്. അഴിമതി നടത്തിയ വ്യക്തികളും സ്ഥാപനങ്ങളും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സ്വയം മുന്നോട്ടുവരുന്ന പക്ഷം കേസുകള്‍ ഒത്തുതീര്‍ക്കാനാണ് പുതിയ നിയമം ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്നത്. കൈക്കൂലി, പൊതുമുതല്‍ കൈയേറ്റം, അധികാര ദുര്‍വിനിയോഗം, അഴിമതിയായി കണക്കാക്കപ്പെടുന്ന മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ പുതിയ നിയമം അതോറിറ്റിക്ക് അധികാരം നല്‍കുന്നു.
പൊതുമുതല്‍ സംരക്ഷിക്കാനും രാജ്യത്തിന്റെ ആര്‍ജിത നേട്ടങ്ങളും ശേഷികളും കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന നിലക്ക് അഴിമതി വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയുടെ അധികാരം പ്രയോഗിക്കുന്നതില്‍ അതോറിറ്റിയുടെ പങ്ക് ശക്തിപ്പെടുത്താന്‍ പുതിയ നിയമം സഹായിക്കുമെന്ന് അതോറിറ്റി പ്രസിഡന്റ് മാസിന്‍ അല്‍കഹ്‌മോസ് പറഞ്ഞു.
അഴിമതി കേസുകള്‍ ഒത്തുതീര്‍ക്കുന്നത് കൊള്ളയടിക്കപ്പെട്ട സമ്പത്ത് പൊതുഖജനാവില്‍ തിരിച്ചെത്തിക്കാനും അഴിമതി കേസുകളുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറക്കാനും പൊതുതാല്‍പര്യം സാക്ഷാല്‍ക്കരിക്കാനും സഹായിക്കും. 24 വകുപ്പുകളുള്ള പുതിയ നിയമം ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയുടെ പൂര്‍ണ സ്വാതന്ത്ര്യം സ്ഥിരീകരിക്കുന്നതായും മാസിന്‍ അല്‍കഹ്‌മോസ് പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളുടെയും മറ്റു വിഭാഗം തൊഴിലാളികളുടെയും റിക്രൂട്ട്‌മെന്റിന് ഗാംബിയയുമായും ടാന്‍സാനിയയുമായും ഒപ്പുവെച്ച കരാറുകള്‍ മന്ത്രിസഭ അംഗീകരിച്ചു.