ജിദ്ദ- ഈ വർഷത്തെ ഹജ് കർമം നിർവഹിച്ച് അവസാനത്തെ ഹാജിയും സൗദി അറേബ്യയിൽനിന്ന് മടങ്ങി. ഇന്നലെ രാത്രിയാണ് അവസാനത്തെ ഹജ് വിമാനം മദീനയിൽനിന്ന് യാത്ര തിരിച്ചത്. കേരളത്തിൽനിന്ന് കേന്ദ്ര ഹജ് കമ്മിറ്റി വഴി എത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദി(72)നെ പറ്റി ഇപ്പോഴും വിവരമില്ല. ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു.
മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.
മക്കയിലുള്ള ഒട്ടേറെ സന്നദ്ധ പ്രവർത്തകരാണ് മുഹമ്മദിന് വേണ്ടിയുള്ള തെരച്ചിലിൽ പങ്കെടുത്തത്. മക്കയിലെയും ജിദ്ദയിലെയും വിവിധ ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സർക്കാറിന്റെ രേഖകളിലും മുഹമ്മദിന് എന്ത് സംഭവിച്ചുവെന്ന് വിവരമില്ല.
കഴിഞ്ഞ വർഷം കേരളത്തിൽനിന്ന് സ്വകാര്യ ഹജ് ഗ്രൂപ്പിൽ എത്തിയ മലപ്പുറം സ്വദേശിയായ തീർത്ഥാടകനെ ഇതുപോലെ കാണാതായിരുന്നു. അദ്ദേഹത്തെ പറ്റിയും ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചുവെന്നും മുഹമ്മദിനെ പറ്റി വിവരം ലഭിക്കാത്തതിൽ ഏറെ സങ്കടമുണ്ടെന്നും മക്കയിലെ സന്നദ്ധ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. മുഹമ്മദിന് വേണ്ടി മക്കയിലെ മുഴുവൻ ആശുപത്രികളിലും നിരന്തരം തെരച്ചിൽ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദിന് എന്ത് സംഭവിച്ചുവെന്നറിയാതെ ഉരുകുകയാണ് ബന്ധുക്കളും നാട്ടുകാരും.