തിരുവല്ല: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ മൃതദേഹം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഒൻപതിന് എമിറേറ്റ്സ് എയർവേസിന്റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദ്ദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 10 മണിയോടെ ബന്ധുക്കളായ സിബി , മാത്യു ,ഗ്ലാഡ്ജി, അലക്സ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.നോർക്ക ക്രമീകരിച്ച നാല് ആംബുലൻസുകളിലായി ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവല്ലയിൽ എത്തിച്ചു. തുടർന്ന് പൊതുദർശനം നടന്നു. മാത്യൂസിന്റെ മാതാവ് റേച്ചൽ സഹോദരങ്ങളായ ഷീബ , ഷീജ,ജീമോൻ ലിനിയുടെ മാതാപിതാക്കളായ പി.കെ എബ്രഹാം ,ഡില്ലി എന്നിവർ ഒപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 5.30 ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച നീരേറ്റുപുറത്തെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 11.30 വീട്ടിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് പള്ളിയിൽ എത്തിച്ച് 1.15 ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.