ജിദ്ദ – പശ്ചിമ യെമനിലെ അല്‍ഹുദൈദ തുറമുഖത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണവുമായി സൗദി അറേബ്യക്ക് ഒരുവിധ ബന്ധവുമില്ലെന്നും ആക്രമണത്തില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സൗദി അറേബ്യയുടെ വ്യോമമേഖലയില്‍ അതിക്രമിച്ചുകയറാന്‍ ഒരു കക്ഷിയെയും അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
അല്‍ഹുദൈദ തുറമുഖത്തില്‍ നടത്തിയ ആക്രമണത്തിന് ഇസ്രായിലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികള്‍ പറഞ്ഞു. ഇസ്രായില്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായിലില്‍ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ മടിക്കില്ലെന്ന് ഹൂത്തി വക്താവ് യഹ്‌യ സരീഅ് പറഞ്ഞു. തെല്‍അവീവ് സുരക്ഷിതമല്ല. ഞങ്ങള്‍ ഇസ്രായിലുമായി ദീര്‍ഘകാല യുദ്ധത്തിന് തയാറെടുക്കുകയാണ്. ഇസ്രായില്‍ ആക്രമണത്തിന് ഞങ്ങള്‍ തിരിച്ചടി നല്‍കും – ഹൂത്തി വക്താവ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ ഇസ്രായിലിനു നേരെ നടത്തിയ നൂറു കണക്കിന് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം അല്‍ഹുദൈദയിലെ സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെ സൈനിക വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. അല്‍ഹുദൈദ തുറമുഖത്തെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണങ്ങളുണ്ടായതെന്ന് ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി അറിയിച്ചു.
എണ്ണ സംഭരണികളും വൈദ്യുതി നിലയവും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഹൂത്തികളുടെ മറ്റൊരു വക്താവായ മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു. യെമന്‍ ജനതയുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സിവിലിയന്‍ സ്ഥാപനങ്ങള്‍ക്കും എണ്ണ സംഭരണികള്‍ക്കും വൈദ്യുതി നിലയത്തിനും നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയത്. ഗാസക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ യെമനു മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു.
തെല്‍അവീവില്‍ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് അല്‍ഹുദൈദയില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്. ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രായിലിന്റെ ഗാസ യുദ്ധത്തിന് തിരിച്ചടിയെന്നോണമാണ് തെല്‍അവീവില്‍ ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ പറഞ്ഞു. ഗാസയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ നിരവധി കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നേരത്തെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇസ്രായില്‍ യെമനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്.
യെമനില്‍ വ്യോമാക്രമണം നടത്തുന്ന കാര്യം ഇസ്രായില്‍ അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഇസ്രായിലി അധികൃതര്‍ പറഞ്ഞു. മധ്യപൗരസ്ത്യദേശത്തെ പുതിയ സംഭവവികാസങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിലയിരുത്തിയതായി വൈറ്റ്ഹൗസ് പറഞ്ഞു. ചരക്കു കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം മെയ് മാസത്തില്‍ അല്‍ഹുദൈദയില്‍ ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു മുമ്പ് അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഹൂത്തികള്‍ക്കെതിരെ നാലു തവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
യെമനിലെ അല്‍ഹുദൈദയില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ ദക്ഷിണ ലെബനോനിലെ ടൈര്‍ നഗരത്തില്‍ ഹിസ്ബുല്ലയുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ദക്ഷിണ ലെബനോനിലെ അല്‍ശിഹാബിയ, അല്‍അദീസ ഗ്രാമങ്ങളിലും ഇസ്രായില്‍ വ്യോമസേന ആക്രമണങ്ങള്‍ നടത്തി. ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.