ജിദ്ദ – ഇസ്രായിലിന്റെ തലസ്ഥാനമായ ടെല്‍അവീവിനെ പിടിച്ചുകുലുക്കി ഇന്ന് പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി മിലീഷ്യകള്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയു ചെയ്തതായി ഇസ്രായില്‍ പോലീസ് പറഞ്ഞു. ടെല്‍അവീവ് നഗരമധ്യത്തില്‍ അമേരിക്കന്‍ എംബസിക്കു സമീപമുള്ള കെട്ടിടത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഹൂത്തികള്‍ പറഞ്ഞു.
ഗാസ യുദ്ധത്തില്‍ ഫലസ്തീനികളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായിലിനെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരും. ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായില്‍ ഇപ്പോള്‍ ടെല്‍അവീവ് എന്ന് വിളിക്കുന്ന അധിനിഷ്ട ജാഫയില്‍ പ്രധാന ലക്ഷ്യം ഉന്നമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹൂത്തികള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയാണ് ആക്രമണം. ദക്ഷിണ ലെബനോനില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാണ്ടറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് തെല്‍അവീവില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണ സമയത്ത് തെല്‍അവീവില്‍ വാണിംഗ് സൈറണ്‍ മുഴങ്ങിയിരുന്നില്ല. സംഭവത്തില്‍ സൂക്ഷ്മവും വിശദവുമായ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
ആക്രമണത്തിന് വലിയ ഡ്രോണ്‍ ആണ് ഉപയോഗിച്ചത്. മനുഷ്യ പിശക് മിസൈലിനെ തടസ്സപ്പെടുത്താതിരിക്കാന്‍ കാരണമായെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുലര്‍ച്ചെ 3.12 ന് നടന്ന ആക്രമണത്തില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വളരെ വലിയ ഡ്രോണ്‍ ആണ് ഉപയോഗിച്ചത്.
ഡ്രോണ്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ഇടിച്ച് തകരുകയായിരുന്നു. ആക്രമണത്തിന്റെ ലക്ഷ്യം ഭീകരവാദമാണ്. ഇസ്രായിലിലെ സാധാരണക്കാരെ കൊല്ലുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഡ്രോണ്‍ കണ്ടെത്തിയെങ്കിലും മനുഷ്യ പിശക് കാരണം വാണിംഗ് സൈറണ്‍ ഉയര്‍ത്തിയില്ല. മനുഷ്യ പിഴവ്, തടസ്സപ്പെടുത്തലും പ്രതിരോധ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കാരണമായി. കഴിഞ്ഞ ദിവസം രാത്രി ഇസ്രായിലിന്റെ കിഴക്കന്‍ അതിര്‍ത്തി വഴി ഡ്രോണ്‍ ആക്രമണത്തിനുണ്ടായ മറ്റൊരു ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു പേരും പിന്നീട് ആശുപത്രി വിട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ടെല്‍അവീവില്‍ അമേരിക്കന്‍ എംബസി പരിസരത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ കേടുപാടുകള്‍ കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകള്‍ പുറത്തുവന്നു. തകര്‍ന്ന ചില്ലുകള്‍ നഗര നടപ്പാതകളില്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. ആക്രമണമുണ്ടായ സ്ഥലത്ത് നിരവധി പേര്‍ തടിച്ചുകൂടി. പ്രദേശം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.
നമ്മുടെ ആയുധങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന ഒരു പ്രാഥമിക ലക്ഷ്യമാണ് ടെല്‍അവീവ് എന്ന് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ ഹൂത്തി വക്താവ് യഹ്‌യ സരീഅ് പറഞ്ഞു. ഗാസയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ വടക്കന്‍ അതിര്‍ത്തിയിലും തെക്കന്‍ ലെബനോനിലും ഇസ്രായില്‍ ദിവസേന മിസൈലുകളും പീരങ്കികളും ഉപയോഗിച്ച് ഹിസ്ബുല്ലയുമായി ഏറ്റുമുട്ടുന്നുണ്ട്. സ്ഥിതിഗതികള്‍ വഷളായാല്‍ വിശാലമായ പ്രാദേശിക സംഘര്‍ഷം ഉടലെടുക്കുമെന്ന ഭീതി ഇത് ഉയര്‍ത്തുന്നു. ഫലസ്തീനികളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹൂത്തികള്‍ ചെങ്കടലില്‍ ഇസ്രായില്‍, ഫലസ്തീന്‍ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.