ജിദ്ദ – എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍വരും. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദിവല്‍ക്കരണ തീരുമാനം ബാധകമാണ്.
സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നല്‍കുന്ന പ്രോത്സാഹനങ്ങളും പിന്തുണകളും പ്രയോജനപ്പെടുത്താന്‍ സാധിക്കും.
സ്വദേശി ജീവനക്കാരെ റിക്രൂട്ട് ചെയ്യല്‍, അനുയോജ്യരായ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം, സ്വദേശികള്‍ക്കുള്ള പരിശീലനങ്ങള്‍, പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം മാനവശേഷി വികസന നിധിയില്‍ നിന്ന് വിതരണം ചെയ്യല്‍, തൊഴില്‍ സ്ഥിരതക്കുള്ള പിന്തുണ എന്നിവ അടക്കമുള്ള പ്രോത്സാഹനങ്ങളാണ് സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നല്‍കുന്നത്. എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ 8,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.