സന്‍ആ – മില്യന്‍സ് പൊയറ്റ് മത്സര വിജയിയായ പ്രമുഖ യെമനി കവി ആമിര്‍ ബിന്‍ അംറ് ബല്‍ഉബൈദ് തെക്കുകിഴക്കന്‍ യെമനിലെ ശബ്‌വ ഗവര്‍ണറേറ്റിലെ മരുഭൂമിയില്‍ വഴിതെറ്റി വെള്ളംകിട്ടാതെ ദാഹപരവശനായി മരിച്ചു. ഹദര്‍മൗത്തില്‍ നിന്ന് ശബ്‌വയിലേക്ക് മടങ്ങുന്നതിനിടെ ശബ്‌വയിലെ അര്‍മാ ജില്ലയിലെ അല്‍അഖ്‌ല മരുഭൂമിയിലാണ് ആമിര്‍ ബല്‍ഉബൈദ് വഴിതെറ്റി മരിച്ചത്.
സ്വദേശമായ ശബ്‌വയില്‍ നിന്ന് ഹദര്‍മൗത്തിലേക്ക് പോയ ആമിര്‍ ബല്‍ഉബൈദ് മൂന്നു ദിവസം മുമ്പ് ശബ്‌വയിലേക്കു തന്നെ മടങ്ങുകയായിരുന്നു. എന്നാല്‍ മടക്കയാത്രയില്‍ അര്‍മായില്‍ വെച്ച് ഇദ്ദേഹത്തിന് വഴിതെറ്റി.
രണ്ടു ദിവസം മുമ്പ് ആമിര്‍ ബല്‍ഉബൈദുമായുള്ള ഫോണ്‍ ബന്ധം മുറിയുകയും ചെയ്തു. ഉടന്‍ തന്നെ ഇദ്ദേഹത്തിനു വേണ്ടി തിരച്ചിലുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഏറെ നീണ്ട തിരച്ചിലുകളിലൂടെ ഇദ്ദേഹത്തിന്റെ ബാഗും മൊബൈല്‍ ഫോണും അല്‍അഖ്‌ല ദിശയില്‍ അര്‍മാ റോഡില്‍ കണ്ടെത്തി. കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് വൈകാതെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
2008 ലെ മില്യന്‍സ് പൊയറ്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ആമിര്‍ ബല്‍ഉബൈദ് പ്രശസ്തനായത്. മത്സരത്തില്‍ വിജയിച്ചതോടെ യു.എ.ഇയിലേക്ക് മാറിയ ആമിര്‍ ബല്‍ഉബൈദ് 2021 ലാണ് സ്വദേശത്ത് തിരിച്ചെത്തിയത്. യു.എ.ഇയിലെ റിയാലിറ്റി ടെലിവിഷന്‍ ഷോ ആയ മില്യന്‍സ് പൊയറ്റ് മത്സരം 2006 ഡിസംബറില്‍ ആണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ഹെരിറ്റേജ് ആണ് ഷോയ്ക്ക് ധനസഹായം നല്‍കുന്നത്. അവസാന റൗണ്ടില്‍ എത്തുന്ന അഞ്ചു ഫൈനലിസ്റ്റുകള്‍ക്ക് പത്തു ലക്ഷം ദിര്‍ഹം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെ ക്യാഷ് പ്രൈസ് ലഭിക്കും.