മാഡ്രിഡ്- ഇതെന്റെ സ്വപ്നമായിരുന്നു, ഇതായിരുന്നു എന്റെ സ്വപ്നം.. റയൽ മഡ്രീഡ് താരമായി ഔദ്യോഗികമായി ചേർന്ന ശേഷം ബർണബ്യൂ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 80,000-ത്തോളം വരുന്ന ഫുട്ബോൾ ആരാധകരോടായി സ്പാനിഷ് ഭാഷയില് കിലിയൻ എംബപ്പെ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ നേരത്തെ മെഡിക്കൽ പൂർത്തിയാക്കിയ സ്‌ട്രൈക്കർ അഞ്ച് വർഷത്തെ കരാറിൽ റയൽ മഡ്രീഡുമായി ഒപ്പുുവെച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ഫ്ലോറൻ്റീനോ പെരസ് 9-ാം നമ്പർ ഷർട്ട് എംബപ്പെക്ക് കൈമാറി.
“റയൽ മാഡ്രിഡിനായി കളിക്കണമെന്നത് ഞാൻ വർഷങ്ങളായി സ്വപ്നം കാണുന്നതാണ്. ഇന്ന് എൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇപ്പോൾ ഞാനൊരു സന്തോഷമുള്ള കുട്ടിയാണ്. ഈ ക്ലബ്ബിന് വേണ്ടി ഞാൻ എൻ്റെ ജീവൻ നൽകാൻ പോകുകയാണ്,” എംബാപ്പെ പറഞ്ഞു.
ബർണബ്യൂ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളിൽ എംബപ്പെയുടെ മാതാപിതാക്കളും ക്ലബ്ബിൻ്റെ മുൻ ഫ്രഞ്ച് ഹീറോ സിനദീൻ സിദാനും ഉണ്ടായിരുന്നു.
ക്ലബ്ബിന്റെ വിജയം തുടരുന്നതിൽ ഞങ്ങളെ സഹായിക്കാൻ വന്ന അസാധാരണ കളിക്കാരനാണ് എംബാപ്പെയെന്ന് ക്ലബ് പ്രസിഡന്റ് പെരസ് പറഞ്ഞു. ഇന്ന് തൻ്റെ ജീവിതത്തിൻ്റെ സ്വപ്നം നിറവേറ്റുന്ന ഒരു കളിക്കാരനാണ് എംബപ്പെ. ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതമെന്നും പെരസ് പറഞ്ഞു.
ഫുട്‌ബോളിലെ താരരാജാക്കന്‍മാരാണ് എക്കാലത്തും റയൽ മഡ്രീഡ്. ചാംപ്യന്‍സ് ലീഗിന്റെ അതികായന്‍മാര്‍. ലാ ലിഗ കിരീടത്തിന്റെ അധിപന്‍മാര്‍. റയല്‍ മാഡ്രിഡിന്റെ നേട്ടങ്ങള്‍ ഇങ്ങനെ പോവുന്നു. റയല്‍ മാഡ്രിഡ് എന്നും താരസമ്പന്നമാണ്. എല്ലാ കാലത്തും റയലിന് ഒരു ജീവനാഡിയുണ്ടാവും. ഡേവിഡ് ബെക്കാം, സിദാന്‍, റൊണാള്‍ഡോ(ബ്രസീല്‍), കക്ക, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സിമ ഇങ്ങനെ പോവുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ അവതാരമാണ് കിലിയൻ എംബാപ്പെ. ഫ്രാന്‍സിന്റെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കര്‍. ഈ തലമുറയിലെ ഒന്നാം നമ്പര്‍ താരവും പിഎസ്ജിയുടെ കുന്തമുനയുമായ എംബാപ്പെ. കഴിഞ്ഞ രണ്ട് സീസണുകളിലായി നടന്ന തുടര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് എംബാപ്പെ റയലില്‍ എത്തിയത്. ഇന്നാണ് താരത്തെ റയലിന്റെ ഹോം ഗ്രൗണ്ടില്‍ അവതരിപ്പിച്ചത്.
ലോകകപ്പ് സെമിയിലെ തോല്‍വിയുടെ ആഘാതം മാറിയ എംബാപ്പെ പ്രസന്നനായാണ് മാഡ്രിഡില്‍ പ്രത്യക്ഷപ്പെട്ടത്. റയലിന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയിലാണ് താരം കളിക്കുക. 2029 വരെയാണ് എംബാപ്പെയുടെ കരാര്‍. റയലിന്റെ ജഴ്‌സിയണിഞ്ഞ എംബാപ്പെ തന്റെ ആരാധനാ പാത്രവും റയലിന്റെ സപന്ദനവുമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാനറിസങ്ങളുമായാണ് അവതരിച്ചത്. ജേഴ്‌സിയില്‍ ചുംബിച്ച് റൊണാള്‍ഡോയെ പോലെ കൈകള്‍ രണ്ടും ഉയര്‍ത്തിയാണ് ആരാധകരെ വരവേറ്റത്.
കുഞ്ഞു നാള്‍ മുതലുള്ള എംബാപ്പെയുടെ സ്വപ്‌നം ഇന്ന് ബെര്‍ണാബ്യുവില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പണ്ട് മാഡ്രിഡില്‍ എത്തിയ എംബാപ്പെ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നിന്ന് ഫോട്ടെയെടുത്തിരുന്നു. ഇന്നും തന്റെ മുറിയില്‍ ആരാധനാപാത്രത്തിനൊപ്പമുള്ള ചിത്രമുണ്ട്. ക്രിസ്റ്റ്യാനോ മാഡ്രിഡിന്റെ ദത്ത് പുത്രനായത് പോലെ എംബാപ്പെയും ഇനി സാന്റിയാഗോയുടെ ജീവനാഡിയാവുമെന്നുറപ്പ്. 15 വർഷം മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയോ അവതരിപ്പിക്കുമ്പോൾ ഉണ്ടായതിലും ഏറെ ജനങ്ങളാണ് എംബപ്പെയുടെ ചടങ്ങിനെത്തിയത്.