കോഴിക്കോട്- കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച കുറിപ്പുകളിലൊന്നായിരുന്നു ഹാജിമാരുടെ ലഗേജുകളിൽനിന്ന് സംസം വെള്ളം സംഘ് പരിവാർ സംഘം പുറത്തുകളയുന്നുവെന്നത്. ഇതിന് തെളിവായി വീഡിയോ പുറത്തുവിടുകയും ചെയ്തു. സംസം വെള്ളം നിറച്ച കുപ്പികൾ ലഗേജിൽനിന്ന് എടുത്തുകളയുന്നത് വീഡിയോയിൽ കാണുന്നുണ്ട്. ഈ വീഡിയോ നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുകയും ചെയ്തു.
വാസ്തവം ഇതാണ്.
ഹാജിമാരുടേത് അടക്കം ലഗേജുകളിൽ ഒരിക്കലും ദ്രാവകങ്ങൾ അനുവദിക്കില്ല. വിമാനയാത്രയുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ ഹാജിമാർ പലപ്പോഴും ലഗേജുകളിൽ പ്ലാസ്റ്റിക് കുപ്പികളിൽ സംസം വെള്ളം നിറച്ച് ലഗേജ് ബോക്സിൽ വെക്കാറുണ്ട്. ഇത് വിമാനതാവളത്തിലെ സ്കാനിംഗിൽ കണ്ടെത്തുകയും ബോക്സ് പൊട്ടിച്ച് കുപ്പി എടുത്തു പുറത്തുകളയുകയുമാണ് ചെയ്യുന്നത്.
മദീന-ജിദ്ദ എയർപോർട്ടുകളിൽ പരിശോധന
ഹാജിമാരുടേത് അടക്കമുള്ള ലഗേജുകൾ വിമാനതാവളത്തിലെ പ്രത്യേക സ്കാനിംഗ് ഏരിയയിൽ വെച്ച് വിശദമായി പരിശോധിക്കും. പരിശോധനയിൽ ദ്രാവകത്തിന്റെ സാന്നിധ്യം കണ്ടെത്തിയാൽ അവ പുറത്തെടുത്ത് കളയും. ഇത്തരത്തിൽ എണ്ണകൾ അടക്കം പരിശോധനയിൽ കണ്ടെത്തി പുറത്തുകളയാറുണ്ട്.
ഓരോ തീർത്ഥാടകനും അഞ്ചു ലിറ്ററിന്റെ സംസം വെള്ളമാണ് അനുവദിക്കുന്നത്. ഇത് ഹാജിമാർ എത്തുന്ന വിമാനതാവളത്തിൽനിന്ന് അവർക്ക് ലഭ്യമാകും. എന്നാൽ ഇതിന് പുറമേ ലഗേജിൽ കൂടുതൽ സംസം വെള്ളം നിറച്ച് ബാഗ് കെട്ടും. ഇതാണ് വിമാനതാവളത്തിലെ പരിശോധനയിൽ കണ്ടെത്തി പുറത്തുകളയുന്നത്.