വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍സ്
കൗണ്ടി ക്ലബ്ബ്: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റസ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യാ പാക് ഫൈനല്‍. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ 86 റണ്‍സിനാണ് ഇന്ത്യാ ലെജന്റസ് പരാജയപ്പെടുത്തിയത്. ആദ്യ സെമി ഫൈനലില്‍ വെസ്റ്റ്ഇന്‍ഡീസിനെ വീഴ്ത്തിയതോടെയാണ് വീണ്ടും ഒരു ഇന്ത്യാ-പാക് പോരിന് അരങ്ങൊരുങ്ങിയത്. മുമ്പ് നിരവധി തവണ ഏറ്റുമുട്ടിയ ചിരവൈരികളാണ് വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരങ്കത്തിനിറങ്ങുന്നത്. ബെര്‍മിങ്ങ്ഹാമില്‍ ഞായറാഴ്ചയാണ്(നാളെ) ഫൈനല്‍.
ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ധ്വല്‍ കുല്‍ക്കര്‍ണിയും പവന്‍ നേഗിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രാഹുല്‍ ശുക്ല, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഓസ്‌ട്രേലിയയുടെ ടിം പെയിനാണ് ടോപ് സ്‌കോറര്‍. നഥാന്‍ കൗള്‍ട്ടര്‍ 30റണ്‍സും നേടി. നേരത്തെ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടിയിരുന്നു.
ഇന്ത്യന്‍ വെടിക്കെട്ട് താരങ്ങളായ റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ബാറ്റിങ് പൂരമൊരുക്കിയത്. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ റോബിന്‍ ഉത്തപ്പയാണ് . 35 പന്തില്‍ 65 റണ്‍സ് നേടിയ ഉത്തപ്പ ആറ് സിക്സും നാല് ഫോറും നേടി. 28 പന്തിലാണ് യുവരാജ് സിങ് 59 റണ്‍സ് നേടിയത്. നാല് സിക്സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതാണ് യുവരാജ് സിങിന്റെ ഇന്നിങ്സ്.
നാലും ഫോറും നാല് സിക്സുമടക്കം 23 പന്തിലാണ് യൂസഫ് പഠാന്‍ 51 റണ്‍സ് നേടി പുറത്താവാതെ നിന്നത്. 19 പന്തിലാണ് ഇര്‍ഫാന്‍ പഠാന്‍ അര്‍ദ്ധശതകം നേടിയത്. അമ്പാടി റായിഡും (14), സുരേഷ് റെയ്ന(5), ഗുര്‍കീറത്ത് സിങ് (0), പവന്‍ നേഗി(2) എന്നിവര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാകിസ്താനായിറങ്ങുന്നത് അവരുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീഡി, മുന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ്, കമ്രാന്‍ അഖ്മല്‍, ഷുഹൈബ് മഖ്‌സൂദ്, യൂനിസ് ഖാന്‍, സൊഹൈല്‍ ഖാന്‍, ഷര്‍ജീല്‍ ഖാന്‍, അമീര്‍ യാമിന്‍, സൊഹൈല്‍ തന്‍വീര്‍, വഹാബ് റിയാസ്, സെയ്ദ് അജ്മല്‍ എന്നിവരാണ്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. ഫാന്‍ കോഡ് ആപ്പിലും മല്‍സരങ്ങള്‍ കാണാം