ബെര്‍ലിന്‍: സ്‌പെയിനിന്റെ വണ്ടര്‍ കിഡ് ലാമിൻ യമാലാണ് ലോക ഫുട്‌ബോളിലെ സംസാര വിഷയം. 16കാരന്റെ പ്രകടനം ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടികഴിഞ്ഞു. ബാഴ്‌സലോണ താരമായ ലാമിനെ ടീമിലെത്തിക്കാന്‍ യൂറോപ്പിലെ വമ്പന്‍മാര്‍ ഒരുങ്ങികഴിഞ്ഞു. എന്നാല്‍ ഒരു മുഴം മുമ്പേ ഓഫര്‍ എറിഞ്ഞു കളിച്ച ഒരു പ്രമുഖ ടീമുണ്ട്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറെ ലോക റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച പിഎസ്ജിയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നേ കേറി കളിച്ചത്. സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ എന്നും മുന്നിലുള്ള ഖത്തര്‍ ഉടമസ്ഥതയിലുള്ള പിഎസ്ജി യൂറോ കപ്പിന് മുമ്പേ ലാമിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.
ട്രാന്‍സ്ഫര്‍ വിപണിയിലെ നിലവിലെ ലോക റെക്കോഡ് തുക നെയ്മറുടെ പേരിലാണ്. 2017ല്‍ ബാഴ്‌സയില്‍ നിന്നും നെയ്മറെ ടീമിലെത്തിച്ചത് 222 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു. ലാമിനായി പിഎസ്ജി 250മില്ല്യണ്‍ യൂറോയാണ് മുന്നോട്ട് വച്ചത്. ഇത് ബാഴ്‌സ തള്ളുകയായിരുന്നു. എന്നാല്‍ ലാമിനെ സ്വന്തമാക്കാനുള്ള ഉദ്യമത്തില്‍ നിന്ന് പിഎസ്ജി പിന്നോട്ടില്ലെന്നാണ് യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നത്. കൂടുതല്‍ ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് പിഎസ്ജി.
നിലവില്‍ പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡുമായി കരാറിലെത്തിയിരുന്നു. എംബാപ്പെ പോവുന്നതോടെ ടീമിന് പ്രധാന സ്‌ട്രൈക്കറുടെ അഭാവം നിലനില്‍ക്കും. ഈ വിടവ് നികത്താന്‍ പിഎസ്ജി ഏത് വിധേനയും ലാമിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കും. നെയ്മര്‍ എത്തിയതോടെയാണ് പിഎസ്ജി എന്ന ക്ലബ്ബിന് ഫുട്‌ബോള്‍ ലോകത്ത് പ്രമുഖ മേല്‍വിലാസം ഉണ്ടായത്. തുടര്‍ന്നാണ് എംബാപ്പെയും മെസ്സിയും ടീമിലെത്തുന്നത്.
അതിനിടെ ലാമിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ബാഴ്‌സ താരത്തിനായുള്ള ഓഫറുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂറ്റന്‍ ഓഫര്‍ വാങ്ങി ലാമിനെ വിട്ടുകൊടുക്കാന്‍ ബാഴ്‌സയ്ക്കും താല്‍പ്പര്യമുണ്ട്. യൂറോയിലെ അത്ഭുത ബാലന്‍ വരും സീസണില്‍ ഏത് ക്ലബ്ബിനായി ബൂട്ട് കെട്ടുമെന്ന് ലോകം കാത്തിരിക്കുകയാണ്.