മദീന – സൗദിയില്‍ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കാണാന്‍ വാണിജ്യ മന്ത്രാലയം ശ്രമിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ഖസബി. മദീന ചേംബര്‍ ഓഫ് കൊമേഴ്‌സിലെ വ്യവസായികളുമായും നിക്ഷേപകരുമായും സംരംഭകരുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു വാണിജ്യ മന്ത്രി.
സൗദിയില്‍ മൊത്തത്തിലും വിശിഷ്യാ മദീനയിലും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കൂടിക്കാഴ്ചക്കിടെ വാണിജ്യ മന്ത്രിക്കു മുന്നില്‍ മദീന വ്യവസായികള്‍ ഉന്നയിച്ചു. ഇതോടെ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ മദീന ചേംബര്‍ ഓഫ് കൊമേഴ്‌സിനോട് മന്ത്രി ആവശ്യപ്പെട്ടു. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെ വ്യവസായികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിച്ച് അവക്ക് പരിഹാരം കാണുമെന്ന് വാണിജ്യ മന്ത്രി ഉറപ്പുനല്‍കി.
സൗദിയില്‍ വാണിജ്യ മേഖലയില്‍ 70 വര്‍ഷത്തിനിടെ സംഭവിക്കാത്ത കാര്യങ്ങളാണ് ആറു വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 15 ലക്ഷത്തിലധികമായി ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനിടെ മദീനയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 33 ശതമാനം തോതില്‍ വര്‍ധിച്ച് 84,000 ലേറെയായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട 110 നിയമങ്ങള്‍ പുനഃപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണം, വില നിരീക്ഷണം, വാണിജ്യ വഞ്ചന, ബിനാമി ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട വിപണി നിയമങ്ങള്‍ പരിഷ്‌കരിച്ചു. നിലവില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം തയാറാക്കിവരികയാണ്.
ഒരു വര്‍ഷത്തിനിടെ വാണിജ്യ മന്ത്രാലയം മദീനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ 66,000 ലേറെ പരിശോധനകള്‍ നടത്തി. മദീനയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ലഭിച്ച 28,000 ലേറെ പരാതികള്‍ക്ക് പരിഹാരം കണ്ടു. 60 സര്‍ക്കാര്‍ വകുപ്പുകളുമായും അന്താരാഷ്ട്ര സംഘടനകളുമായും സ്വകാര്യ ഏജന്‍സികളുമായുമുള്ള പങ്കാളിത്തത്തിലൂടെ നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ 820 സാമ്പത്തിക, വികസന ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 70 സര്‍ക്കാര്‍ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെ വ്യവസായികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഏകജാലക സംവിധാനമായ സൗദി ബിസിനസ് സെന്ററിന് സൗദിയിലെ 14 നഗരങ്ങളില്‍ ശാഖകളുണ്ട്.
ബിസിനസ് പ്ലാറ്റ്‌ഫോം ബിസിനസ് മേഖലക്ക് ഇരുപതു ലക്ഷത്തിലേറെ സേവനങ്ങള്‍ നല്‍കി. 18 സാമ്പത്തിക മേഖകളിലെ 622 വ്യവസ്ഥകളും ആവശ്യകതകളും റദ്ദാക്കിയും ഭേദഗതി ചെയ്തും നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം സഹായിച്ചു. സൗദി ഉല്‍പന്നങ്ങള്‍ക്കു മുന്നില്‍ അന്താരാഷ്ട്ര വിപണികള്‍ തുറക്കാന്‍ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നത് സൗദി അറേബ്യ തുടരുന്നു. ഈ ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളില്‍ 20 കൊമേഴ്‌സ്യല്‍ അറ്റാഷെകള്‍ തുറക്കുകയും 40 സൗദി ജോയിന്റ് ബിസിനസ് കൗണ്‍സിലുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ലൈസന്‍സുകള്‍ ഏകീകരിക്കാന്‍ ശ്രമം തുടരുകയാണ്. നിലവില്‍ ബിസിനസ് മേഖലക്ക് ആവശ്യമായ 90 ശതമാനം ലൈസന്‍സുകളും തല്‍ക്ഷണം അനുവദിക്കുന്നു. നടപടിക്രമങ്ങളും ബിസിനസും എളുപ്പമാക്കാന്‍ ശ്രമിച്ച് 455 ലൈസന്‍സുകള്‍ ഇപ്പോള്‍ തല്‍ക്ഷണം അനുവദിക്കുന്നുണ്ടെന്നും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മദീനയില്‍ 84,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. മദീനയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ 72,000 ലേറെയായി ഉയര്‍ന്നു. 2018 ല്‍ ഇത്തരത്തില്‍ പെട്ട 55,000 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തിനിടെ മദീനയില്‍ കമ്പനികളുടെ എണ്ണം 7,900 ല്‍ നിന്ന് 11,000 ലേറെയായി ഉയര്‍ന്നു.