ജിസാന്‍ – നുഴഞ്ഞുകയറ്റക്കാരായ ഒമ്പതു എത്യോപ്യക്കാരെ സ്വന്തം വാഹനത്തില്‍ കടത്തിയ സൗദി യുവാവിനെ ജിസാന്‍ പ്രവിശ്യയില്‍ വെച്ച് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും സൗദി യുവാവിനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി മുജാഹിദീന്‍ സുരക്ഷാ സേന അറിയിച്ചു.
രാജ്യത്ത് നുഴഞ്ഞുകയറാന്‍ വിദേശികള്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്കുന്നവര്ക്കും പതിനഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്കാന് ഉപയോഗിക്കുന്ന വാഹനവും താമസസൗകര്യം നല്കാന് ഉപയോഗിക്കുന്ന പാര്‍പ്പിടവും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്കുന്നവരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 996, 999 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുജാഹിദീന്‍ സുരക്ഷാ സേന ആവശ്യപ്പെട്ടു.