ദോഹ: വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിസ സെന്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫലം ഖത്തർ ട്രാഫിക് വകുപ്പിലെ ലൈസൻസിങ് അഥോറിറ്റിയുമായി ബന്ധിപ്പിച്ച് ഖത്തർ ആഭ്യന്തരമന്ത്രലയം. ഡ്രൈവർ വിസയിൽ രാജ്യത്ത് എത്തുന്നവരുടെ കണ്ണ് പരിശോധന ഫലമാണ് ലൈസൻസിങ് അഥോറിറ്റിയുമായി ബന്ധിപ്പിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു.
ഇത് നിലവിൽ വരുന്നതോടെ ഡ്രൈവർ ജോലിക്കായി ഖത്തറിൽ എത്തുന്നവർ സാധാരണ ഗതിയിൽ ലൈസൻസുകൾക്കായി അപേക്ഷിക്കുമ്പോൾ നടത്തേണ്ട കാഴ്ചശക്തി പരിശോധന നടത്തേണ്ടതില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ ഖത്തർ വിസ സെന്റർ പ്രവർത്തിക്കുന്നുണ്ട്.
ജോലിക്കായി രാജ്യത്തേയ്ക്കു പുതുതായി വരുന്നവരുടെ യാത്ര സംബന്ധമായ രേഖകൾ ശരിയാക്കാനുള്ള കേന്ദ്രങ്ങളാണ് വിസ സെന്ററുകൾ. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ , തൊഴിൽ കരാറുകളിൽ ഒപ്പിടൽ, ആരോഗ്യ പരിശോധന തുടങ്ങിയ സേവനങ്ങളാണ് ഖത്തർ വിസ സെന്ററുകളിൽ ലഭിക്കുകന്നത്. കേരളത്തിലെ കൊച്ചി ഉൾപ്പെടയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഏഴു സ്ഥലങ്ങളിൽ ഖത്തർ വിസ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട് .