കുവൈത്ത് സിറ്റി – പത്തു വയസു പോലും തികയാത്ത ബാലനെ കൊണ്ട് കാര്‍ കെട്ടിവലിപ്പിച്ചതില്‍ നടപടികളെടുക്കാന്‍ സാമൂഹിക, കുടുംബകാര്യ മന്ത്രി അംസാല്‍ അല്‍ഹുവൈല നിര്‍ദേശം നല്‍കി. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ബാലനെ ചൂഷണം ചെയ്ത സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന് ഔദ്യോഗിക പരാതി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
പിഞ്ചുബാലനെ കൊണ്ട് കാര്‍ കെട്ടിവലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവത്തില്‍ സാമൂഹിക, കുടുംബകാര്യ മന്ത്രി ഇടപെട്ടത്. പത്തു വയസ് കവിയാത്ത ബാലനെ കൊണ്ട് കാര്‍ കെട്ടിവലിപ്പിച്ചത് ശാരീരിക പീഡനമാണെന്ന് സാമൂഹികകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം ഫോളോ-അപ്പ് ചെയ്യാനും കുട്ടികളെ പീഡനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സുപ്രീ കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിനോട് സാമൂഹികകാര്യ മന്ത്രി ആവശ്യപ്പെട്ടു.
കാര്‍ കെട്ടിവലിക്കാന്‍ പിഞ്ചുബാലനെ നിര്‍ബന്ധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാര്‍ കെട്ടിവലിക്കാന്‍ ബാലനെ നിര്‍ബന്ധിച്ചയാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കൂടുതല്‍ റീച്ച് കിട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു വീഡിയോ ഇയാള്‍ ചിത്രീകരിച്ച് പുറത്തുവിട്ടതെന്നാണ് കരുതുന്നത്.
സംഭവം സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.