യൂറോയിലെ ഈ സീസണിലെ തീപാറും അങ്കത്തിന് വെള്ളിയാഴ്ച ലോകം സാക്ഷ്യം വഹിക്കും. ആദ്യ വിസിൽ മുതൽ ഫൈനൽ വിസിൽ വരെ വെള്ളിയാഴ്ചയിലെ ഫുട്ബോളിനൊപ്പം ലോകവും ഓടും. ലോകഫുട്‌ബോളിലെ മുടിചൂടമന്നന്‍മാര്‍ പരസ്പരം പോരാടിക്കാന്‍ ഇറങ്ങുന്ന വെള്ളിയാഴ്ചക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
ഫൈനലിനെ വെല്ലുന്ന രണ്ട് പോരാട്ടങ്ങള്‍ക്കാണ് ജര്‍മ്മനിയിലെ സ്റ്റേഡിയങ്ങള്‍ സാക്ഷ്യം വഹിക്കുക. ഫുട്ബോളിലെ ഒരു ടൂര്‍ണ്ണമെന്റില്‍ ഒരു ദിവസം രണ്ട് ഫൈനലുകള്‍ നടക്കുമോ. അതേ എന്നാണ് ഉത്തരം. ഈ വരുന്ന വെള്ളിയാഴ്ച യൂറോ കപ്പ് ക്വാര്‍ട്ടറില്‍ നടക്കുന്നത് തീപ്പാറും പോരാട്ടമാണ്. ഒരു പക്ഷേ യൂറോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഈ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ടീമും മികച്ച ഫോമിന് ഉടമകളുമായ സ്പെയിനും നാല് തവണ ലോകകപ്പ് ജേതാക്കളുമായ ജര്‍മ്മനിയും വെള്ളിയാഴ്ചത്തെ ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നു. മല്‍സരം രാത്രി 9.30ന്. മറ്റൊരു ക്വാര്‍ട്ടറില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും 2016 യൂറോ ചാംപ്യന്‍മാരും റൊണാള്‍ഡോയുടെ ജീവസപ്ന്ദനവുമായി പോര്‍ച്ചുഗലും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് ഈ നൂറ്റാണ്ടില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഫുട്ബോള്‍ വിരുന്നാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്നത്. ക്ലാസ്സിക്കുകളുടെ ക്ലാസ്സിക്ക് എന്നും ഈ മാച്ചുകളെ വിളിക്കാം. ഇത്തിരികുഞ്ഞന്‍മാരെയെല്ലാം ചവിട്ട് മെതിച്ചാണ് ഈ ലോകശക്തികളുടെ വരവ്. മുന്നിലുള്ള പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി വരുമ്പോള്‍ ഈ വന്‍ ശക്തികളില്‍ രണ്ട് പേര്‍ നിര്‍ബന്ധമായും പുറത്ത് പോവേണ്ടി വരുമെന്ന് ഉറപ്പ്.
ആതിഥേയരായ ജര്‍മ്മനി അവരുടെ കിരീട വരള്‍ച്ചക്ക് അന്ത്യംകുറിക്കാന്‍ ഇറങ്ങും. ലക്ഷ്യം നാലാം യൂറോ കിരീടം. ടൂര്‍ണ്ണമെന്റിലുടനീളം മിന്നും ഫോം. ഓരോ താരങ്ങളും കിടിലന്‍ ഫോം ഇതാണ് സ്പെയിന്‍. സ്പെയിന്‍ മൂന്ന് തവണ യൂറോയില്‍ മുത്തമിട്ടിട്ടുണ്ട്.നാലാം കിരീടം മാത്രമല്ല അവരുടെ ലക്ഷ്യം.ലോക ഫുട്ബോളില്‍ സ്പെയിന്‍ ഒന്നാം സ്ഥാനത്തുണ്ടെന്ന് അറിയിക്കുകയാണ് അവരുടെ ലക്ഷ്യം.
മറുവശത്ത് ലോകത്തിലെ ഒന്നാം നമ്പര്‍ ഫുട്ബോളര്‍, റെക്കോഡുകളുടെ തോഴന്‍, പോര്‍ച്ചുഗല്‍ കപ്പിത്താന്‍ റൊണാള്‍ഡയോടെ അവസാന യൂറോയാണിത്. കിരീടം നല്‍കി റൊണാള്‍ഡോയ്ക്ക് അവിസ്മരണീയ യാത്രയപ്പ് നല്‍കാനാണ് സഹതാരങ്ങളുടെ ആഗ്രഹം. പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റോണോയുടെ കണ്ണീര്‍ ലോകം കണ്ടെതാണ്. ടീമിനായി വീണ്ടും തന്റെ നായകത്വത്തില്‍ ഒരു കിരീടം. പോര്‍ച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം ലഭിച്ചത് 2016ല്‍ റൊണാള്‍ഡോയുടെ നേതൃത്വത്തിലാണ്. പ്രായത്തിനും പ്രകടനത്തിനും ഒരു കുറവ് വരാത്ത ആ പോരാളിയ്ക്കായി ടീമും ടീമിനും വേണ്ടി റോണോയും കിരീടം മാത്രം ലക്ഷ്യം വച്ചിറങ്ങും. ഡീഗോ കോസ്റ്റയെന്ന മാന്ത്രിക ഗോള്‍കീപ്പറാണ് പോര്‍ച്ചുഗലിന്റെ നിലവിലെ തുരുപ്പ് ചീട്ട്. പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരേ റോണോയുടെ ടീയേഴ്സിനെ ചീയേഴ്സാക്കിയത് കോസ്റ്റയുടെ മികച്ച സേവുകളായിരുന്നു.
എതിരാളികള്‍ ഫ്രാന്‍സാവുമ്പോള്‍ ഭയം ഉറപ്പാണ്. കിലിയന്‍ എംബാപ്പെയെന്ന താരത്തിന്റെ മാന്ത്രിക കാലുകള്‍ തന്നെയാണ് ഫ്രാന്‍സിന്റെ വജ്രായുധം. ഇരുടീമും പ്രീക്വാര്‍ട്ടറില്‍ അവരുടെ തനത് പ്രകടനം പുറത്തെടുത്തതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആരാധനാപാത്രവും റോള്‍ മോഡലുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിടുന്ന ത്രില്ലില്‍ ആവും കിലിയന്‍ എംബാപ്പെ. 2016ല്‍ നഷ്ടപ്പെട്ട യൂറോ കപ്പിന് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ഫ്രഞ്ച് പടയ്ക്കുണ്ട്. അന്ന് പോര്‍ച്ചുഗലിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് കിരീടം കൈവിട്ടത്. ഗ്രൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ആഘോഷങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ ഫ്രഞ്ച് താരങ്ങളുടെ കണ്ണീരാണ് മറ്റൊരു വശത്ത് കണ്ടത്. ഈ കണ്ണീരിന് മറുപടി അതാവും നീലപ്പടയുടെ ലക്ഷ്യം.
വീണ്ടും റൊണാള്‍ഡോയുടെ കണ്ണീരോ അതോ എംബാപ്പെയുടെ കണ്ണീരോ ബെര്‍ലിനില്‍ വീഴുകയെന്ന് കാത്തിരുന്നു കാണാം. ലോകത്തെ നാല് ഒന്നാം കിട ടീമുകള്‍ ക്വാര്‍ട്ടറില്‍ കൊമ്പുകോര്‍ക്കുന്നത് കാണാന്‍ ലോകം ഒന്നാകെ മനസ്സുകൊണ്ട് ജര്‍മ്മനിയിലെ സ്റ്റേഡിയങ്ങളില്‍ എത്തുമെന്നുറപ്പ്.