കുവൈത്ത് സിറ്റി – പദവി ശരിയാക്കാന്‍ ഇഖാമ നിയമ ലംഘകര്‍ക്ക് അനുവദിച്ച സാവകാശം അവസാനിച്ചതോടെ നിയമ ലംഘകരെ പിടികൂടാന്‍ സുരക്ഷാ വകുപ്പുകള്‍ രാജ്യമെങ്ങും ശക്തമായ റെയ്ഡുകള്‍ക്ക് തുടക്കമിട്ടു. പദവി ശരിയാക്കാന്‍ ജൂണ്‍ 30 വരെയാണ് നിയമ ലംഘകര്‍ക്ക് സാവകാശം അനുവദിച്ചിരുന്നത്. ഇത് അവസാനിച്ചതോടെയാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കാത്തവരെയും മറ്റു നിയമ ലംഘകരെയും കുറ്റവാളികളെയും പിടികൂടാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഫഹദ് അല്‍യൂസുഫിന്റെ നിര്‍ദേശാനുസരണം റെയ്ഡുകള്‍ക്ക് തുടക്കം കുറിച്ചത്.
റെയ്ഡുകള്‍ക്കിടെ 22 വര്‍ഷമായി ഇഖാമ കാലാവധി അവസാനിച്ച ബംഗാളിയെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. പഴയ മോഡല്‍ ഇഖാമയാണ് ബംഗാളിയുടെ കൈയിലുണ്ടായിരുന്നത്. റെയ്ഡുകള്‍ക്ക് തുടക്കം കുറിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 455 നിയമ ലംഘകര്‍ പിടിയിലായി. ഇതില്‍ ഭൂരിഭാഗവും ഇഖാമ നിയമ ലംഘകരായിരുന്നു.
റെയ്ഡുകള്‍ക്കിടെ പിടിയിലാകുന്ന നിയമ ലംഘകരെ നാലു ദിവസത്തിനകം കുവൈത്തില്‍ നിന്ന് നാടുകടത്തും. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് അവരവരുടെ രാജ്യങ്ങളുടെ എംബസികളുമായി ഏകോപനം നടത്തി താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കും. കുവൈത്തില്‍ നിന്ന് നാടുകടത്തുന്ന നിയമ ലംഘകര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തും. ഇവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രവേശിക്കാന്‍ കഴിയില്ല.
രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും റെയ്ഡുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍, നിയമ ലംഘകര്‍ക്ക് അഭയമോ മറ്റു സഹായ സൗകര്യങ്ങളോ നല്‍കരുതെന്ന് എല്ലാവരോടും മന്ത്രാലയം ആവശ്യപ്പെട്ടു. എമര്‍ജന്‍സി നമ്പറായ 112 ല്‍ ബന്ധപ്പെട്ട് നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കി എല്ലാവരും സുരക്ഷാ സൈനികരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.