റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം യാഥാർത്ഥ്യത്തിലേക്ക്. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചു. ഇന്ന് കോടതിയിൽ എത്തിയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്. റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവിട്ടു.
ഇതോടെ റഹീമിന്റെ മോചനത്തിന് ആവശ്യമായ സങ്കീർണ്ണവും നിർണ്ണായകവുമായ എല്ലാ കടമ്പകളും അവസാനിച്ചു. കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൺ റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയിൽ ഇന്ത്യൻ എംബസി വഴി എത്തിച്ചിരുന്നു. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും. റഹീമിനെ അധികം വൈകാതെ ജയിലിൽനിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും.
അബ്ദുൽ റഹീമിനെയും ഇന്ന് കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസവും റഹീമിനെ കോടതിയിൽ കൊണ്ടുവന്നിരുന്നെങ്കിലും മുഴുവൻ കക്ഷികളും എത്താത്തതിനാൽ കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അറ്റോർണി സിദ്ദിഖ് തുവ്വൂർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവർ കോടതിയിൽ ഹാജരായിരുന്നു. ഉത്തരവ് ഇന്ന് തന്നെ ഗവർണറേറ്റിലേക്ക് അയക്കും.
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി കഴിഞ്ഞ മാസം മൂന്നിനാണ് റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് ജൂൺ മൂന്നിന് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ആ ദിവസം ഗവര്‍ണറേറ്റിലെത്തിയിരുന്നു.
വധശിക്ഷയിലെ സ്വകാര്യ അവകാശം പിന്‍വലിച്ച് അനുരഞ്ജന കരാറില്‍ വാദി, പ്രതിഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ദിയാധനം സ്വീകരിച്ച് വധശിക്ഷ എന്ന ആവശ്യത്തിൽനിന്ന് പിന്മാറുന്നുവെന്ന കാര്യം കുടുംബം കോടതിയെയും ഇന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വധശിക്ഷ എന്ന കുടുംബത്തിന്റെ ആവശ്യത്തില്‍ നിന്ന് മോചനദ്രവ്യത്തിലേക്ക് വഴി തുറന്ന വാദിഭാഗം അഭിഭാഷകന് നേരത്തെ നിശ്ചയിച്ച ഏഴര ലക്ഷം റിയാല്‍ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ നേരത്തെ കൈമാറിയിരുന്നു.
നാട്ടില്‍ സ്വരൂപിച്ച 35 കോടിയോളം വരുന്ന തുക (15 മില്യൺ സൗദി റിയാലിന് തത്തുല്യമായത്) ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ എകൗണ്ടിലെത്തിയത്. ആദ്യം മധ്യസ്ഥ ശ്രമം നടത്തിയ വാദി ഭാഗം അഭിഭാഷകനുളള ഫീസാണ് എംബസി എക്കൗണ്ടിലെത്തിയത്. കുടുംബത്തിന് കൈമാറേണ്ട തുക റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് വഴിയും നൽകുകയായിരുന്നു.
അബ്ദുൽ റഹീം കേസിന്റെ നാൾവഴികൾ..
2006 ഡിസംബർ 25-നാണ് അബ്ദുറഹീം ജയിലിലാകുന്നത്. അതിന് തലേദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റഹീം സൗദിയിൽ ജോലിക്ക് എത്തിയിട്ട് ഈ സമയത്ത് ഏകദേശം ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹറിയുടെ സ്‌പോൺസർഷിപ്പിൽ, ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീം റിയാദിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകലും തിരിച്ചെത്തിക്കലുമായിരുന്നു അബ്ദുൽ റഹീമിന്റെ ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസ് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 24.12.2006ന് അനസ് കൊല്ലപ്പെട്ട കേസിലാണ് റഹീമിനെ വധശിക്ഷക്ക് വിധിച്ചത്.
2011 ഫെബ്രുവരി രണ്ടാം തിയതി റിയാദ് ജനറല്‍ കോടതി റഹിമിന് വധശിക്ഷ വിധിച്ചു. ഇതിനിടയിൽ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടി റഹീം നിയമസഹായസമിതി രൂപീകരിച്ചിരുന്നു. റിയാദിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നിയമസഹായ സമിതി വിധിക്കെതിരെ അപ്പീല്‍ പോയി. 2017 നവംബര്‍ ഒന്നിന് അബ്ദുറഹീമിന്റെ അപ്പീല്‍ സ്വീകരിച്ച് അനുകൂല വിധി വന്നു. അതിന്റെയടിസ്ഥാനത്തില്‍ ജനറല്‍ കോടതിയുടെ ഭൂരിപക്ഷ ബെഞ്ച് വധശിക്ഷ റദ്ദ് ചെയ്തു. ഈ വിധിക്കെതിരെ വാദിഭാഗം റിയാദ് ക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ പോയതിന്റെ ഫലമായി റിയാദ് ക്രമിനല്‍ കോടതി പ്രസ്തുത വിധി സ്റ്റേ ചെയ്തു.
വാദി ഭാഗത്തിന്റെ അപ്പീല്‍ പരിഗണിച്ച് 2019 ഒക്ടോബര്‍ 31ന് അബ്ദുറഹീമിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയിലെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി വന്നു. അതിനെതിരെ റഹീം നിയമസഹായ സമിതിയും എംബസിയും റിയാദ് അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. 2020 ജനുവരി 21ന് അപ്പീലില്‍ വിചാരണ തുടങ്ങുകയും 2021 നവംബര്‍ പതിനേഴിന് കോടതി അപ്പീല്‍ തള്ളുകയും വധശിക്ഷ ശരിവെച്ച് റഹീമിന് എതിരായി വിധി പ്രസ്താവിക്കുകയും ചെയ്തു.
2022 ഓഗസ്റ്റ് 4 ന് പ്രസ്തുത വിധിക്കെതിരെ റഹീം നിയമ സഹായ സമിതി അഭിഭാഷകര്‍ മുഖേന സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതി അപ്പീല്‍ തള്ളുകയായിരുന്നു. 2022 നവംബര്‍ 15ന് സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ച് ഉത്തരവായി. മിസ്ഫര്‍ അല്‍ഹാജിരി, ഉസാമ അബ്ദുല്ലത്തീഫ് അല്‍അന്‍ബര്‍, അലി അല്‍ലിഹീദാന്‍ എന്നിവരായിരുന്നു പ്രതിഭാഗത്തിന്റെ അഭിഭാഷകര്‍.
ഒത്തുതീർപ്പ് ചർച്ചകൾ
കേസ് കോടതിയിൽ നടക്കുന്നതിനിടെ നിരവധി ഘട്ടങ്ങളിൽ വിവിധ തലങ്ങളിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൊല്ലപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അൽ ശഹ്രിയുമായി തുടക്കത്തിൽ തന്നെ റഹീം നിയമസഹായ സമിതിയുടെ നേതാക്കൾ പല തവണ നേരിട്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംസാരിച്ചത്. ഇതിനിടെ 2013-ൽ റോഡ് അപകടത്തിൽ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അൽ ശഹ്‌രി മരണപെട്ടത് റഹീമിന്റെ കേസ് അനിശ്ചിതമായി നീളാൻ മറ്റൊരു കാരണമായി. ഇതോടെ പിതാവിനെ ബന്ധപ്പെട്ടുള്ള ചർച്ച നിലച്ചു. മരിച്ച അനസിന്റെ ഉമ്മ, ജേഷ്ഠ സഹോദരൻ, അനിയൻ എന്നിവരായിരുന്നു പിന്നീട് വാദിഭാഗത്തുണ്ടായിരുന്നത്. ഇവരാരും ഇവ്വിഷയത്തിൽ സംസാരിക്കാൻ താല്പര്യം കാട്ടിയില്ല.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ യൂസഫ് കാക്കഞ്ചേരിയും വിഷയത്തിൽ സജീവമായി ഇടപെട്ടു. എംബസി പ്രതിനിധിയെന്ന നിലക്ക് അഭിഭാഷകർക്കൊപ്പം മികച്ച രീതിയിലാണ് അദ്ദേഹം തുടക്കം മുതൽ കേസിൽ ഇടപ്പെട്ടത്.
അന്തിമ വിധിയും ദിയാധനവും
കേസിൽ അന്തിമ വിധി വന്നതോടെയാണ് റഹീമിനെ എന്തുവില കൊടുത്തും രക്ഷിക്കണമെന്ന തീരുമാനം റിയാദിലെ മലയാളി സമൂഹവും റഹീമിന്റെ കുടുംബവും നാട്ടുകാരും കൂട്ടായി എടുക്കുന്നത്. അതിനായി റിയാദിലെ മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ചു. ആ യോഗത്തിൽ വെച്ച് കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലുണ്ടാകും എന്ന ഉറപ്പു നൽകി.
മുഴുവൻ സംഘടനകളുടെയും പ്രതിനിധികളെ ചേർത്ത് റിയാദ് ആസ്ഥാനമായി സർവകക്ഷി സമിതി പുനഃസംഘടിപ്പിച്ചു. ദിയാധനം സ്വീകരിച്ച് മാപ്പു നൽകാൻ കുടുംബം തയ്യാറാകുമോ എന്ന നിലയിലാണ് ചർച്ച മുന്നോട്ടുപോയത്.
ഒരു മില്യൺ റിയാലിൽനിന്നായിരുന്നു ദിയാധന ചർച്ച തുടങ്ങിയത്. 15 മില്യൺ റിയാൽ നൽകിയാൽ ശ്രമിക്കാമെന്നായി അഭിഭാഷകർ. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദിയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കുവഹിച്ചത്.
മറ്റൊരു ഇടപെടലും ഇക്കാര്യത്തിലുണ്ടാവരുതെന്നും ഇന്ത്യൻ എംബസിയുമായി മാത്രമായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടർന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കൽ നിന്ന് പവർ ഓഫ് അറ്റോർണി എംബസിയുടെ പേരിലാക്കി. പണം ലഭ്യമാക്കാൻ ലോകമൊട്ടുക്ക് പിരിവ് നടന്നു. അതിവേഗതയിൽ പണം ലഭ്യമാകുകയും റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുകയും ചെയ്തു.