ബെര്‍ലിന്‍: യൂറോ ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ യൂറോയിലെ കന്നിക്കാരായ ജോര്‍ജ്ജിയ അട്ടിമറിച്ചിരുന്നു. അത്തരത്തിലുള്ള അട്ടിമറി പ്രതീക്ഷിച്ചാണ് സ്ലൊവേനിയ ഇന്ന് അര്‍ദ്ധരാത്രി പോര്‍ച്ചുഗലിനെതിരേ ഇറങ്ങുന്നത്. 12.30നാണ് യൂറോയിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരം തുടങ്ങുന്നത്. ഗ്രൂപ്പ് ഘടത്തിലെ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായിട്ടാണ് സ്ലൊവേനിയയുടെ പ്രീക്വാര്‍ട്ടറിലേക്കുള്ള വരവ്.
പോര്‍ച്ചുഗലാവട്ടെ ഒന്നാം സ്ഥാനക്കാരായും വന്നു. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ഏവരും പോര്‍ച്ചുഗലിന് മുന്‍ഗണന നല്‍കുന്നു. മികച്ച താരങ്ങളാല്‍ സമ്പന്നമാണ് പറങ്കിപ്പട. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പരിചയസമ്പന്നനായ കപ്പിത്താനും. സ്ലൊവേനിയ പാടുംപെടും. ജോര്‍ജ്ജിയയെും ഇത്തിരി കുഞ്ഞന്‍മാരെന്ന് പറഞ്ഞ് പോര്‍ച്ചുഗലും വിലകുറച്ച് കണ്ടിരുന്നു. ഒടുവില്‍ അവര്‍ പോര്‍ച്ചുഗല്‍ വീഴ്ത്തിയത് രണ്ട് ഗോളുകള്‍ക്ക്.ഇതിനാല്‍ സ്ലൊവേനിയയെ ഇത്തരികുഞ്ഞന്‍മാരായി കാണേണ്ടെന്നാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പറയുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന കപ്പിത്താന്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ നെടുംതൂണ്.
സ്ലൊവേനിയയുടെ രണ്ടാം യൂറോപ്യന്‍ഷിപ്പാണിത്. 2016ലെ യൂറോ നേട്ടക്കാരായ പോര്‍ച്ചുഗല്‍ കിരീടം തിരിച്ച് നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ്. കഴിഞ്ഞ ആറ് യൂറോയുടെ ക്വാര്‍ട്ടറിലും പോര്‍ച്ചുഗല്‍ എത്തിയിട്ടുണ്ട്.ജോര്‍ജ്ജിയക്കെതിരായ മല്‍സരത്തെകുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇന്ന് നടക്കുന്ന സ്ലൊവേനിയക്കെതിരായ മല്‍സരത്തെകുറിച്ചാണ് ചിന്തിക്കുന്നതെന്ന് പോര്‍ച്ചുഗലിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് പറയുന്നു. എല്ലാ ടീമുകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. സ്ലൊവേനിയന്‍ ടീമില്‍ ബഹുമുഖ താരങ്ങള്‍ ഉണ്ടെന്നും ആരെ ചെറുതായി കാണുന്നില്ലെന്നും താരം പറയുന്നു.
ബെര്‍ണാഡോ സില്‍വ, ജാവോ കാന്‍സലോ, റൂബന്‍ ഡയസ്സ് എന്നിവര്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ഉണ്ടാവും. കഴിഞ്ഞ മല്‍സരത്തില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച റാഫേല്‍ ലിയോ ഇന്ന് ഇറങ്ങില്ല. കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ റൊണാള്‍ഡോ സ്‌കോര്‍ ചെയ്യാത്തത് ടീമിന് ചെറിയ തിരിച്ചടിയാണ്. റോണോയുടെ ഗോളിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സ്ലൊവേനിയക്കെതിരേ ഇതുവര ജയിക്കാന്‍ കഴിയാത്തത് പോര്‍ച്ചുഗലിനെ സംബന്ധിച്ച് നാണക്കേടുമാണ്. നോക്കൗട്ടിലേക്ക് ആദ്യമായെത്തിയ സ്ലൊവേനിയക്ക് ഒന്നിന്റെയും ബാഹുല്യങ്ങള്‍ ഇല്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവര്‍ രണ്ടും കല്‍പ്പിച്ച് ഇന്നിറങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ ഒന്നു കരുതുക തന്നെ ചെയ്യണം.