കുവൈത്ത് സിറ്റി – കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ ചെറുക്കാന്‍ കുവൈത്ത് ഗവണ്‍മെന്റ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു. കുവൈത്ത് പൊതുമരാമത്ത് മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ രണ്ടു അഭിഭാഷകരെ പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് ചെയ്തു. കിംവദന്തികള്‍ ചെറുക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അല്‍മശ്ആനെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന കിംവദന്തികള്‍ പ്രചരിപ്പിച്ച രണ്ടു അഭിഭാഷകരെ പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് ചെയ്തത്.
ദേശസുരക്ഷാ കേസില്‍ അറസ്റ്റിലായ അഭിഭാഷകര്‍ മന്ത്രിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന ആരോപണമാണ് നേരിടുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി ഡോ. നൂറ അല്‍മശ്ആന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്നത് കെട്ടിച്ചമച്ച സംഭവമാണ്. ഇത് തികച്ചും അസത്യമാണ്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാവനയില്‍ നിന്ന് നെയ്‌തെടുത്ത ഒരു കഥയിലൂടെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഡോ. നൂറ അല്‍മശ്ആനെ ആക്രമിച്ചതായി പ്രസ്താവിക്കുന്ന വാര്‍ത്ത എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിരവധി കുവൈത്തികള്‍ പിന്തുടരുന്ന ഒരു അക്കൗണ്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് വ്യാപകമായ അതൃപ്തിക്ക് കാരണമായി. കുവൈത്തിലെ കിംവദന്തി യുദ്ധം പലപ്പോഴും സ്വാധീനമുള്ള വ്യക്തികള്‍ തമ്മിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ടെണ്ടറുകള്‍ നല്‍കുന്നതിനോ കരാറുകളില്‍ ഒപ്പിടുന്നതിനോ ഉള്ള തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും കിംവദന്തികള്‍ ഉപയോഗിക്കുന്നു.
രാജ്യത്ത് കിംവദന്തികളും തെറ്റായ വിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കഴിഞ്ഞ പ്രതിവാര യോഗത്തില്‍ മന്ത്രിസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാധ്യമ പ്രൊഫഷനലിസം പാലിക്കാനും വിശ്വാസ്യതയും ദേശീയ താല്‍പര്യവും ഉറപ്പാക്കാനും സാമൂഹികമാധ്യമങ്ങളോടും വാര്‍ത്താ സേവനങ്ങള്‍ നല്‍കുന്നവരോടും മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും സ്വീകരിക്കുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യത്തിന് വിരുദ്ധമായ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളും വാര്‍ത്താ സേവനങ്ങള്‍ നല്‍കുന്നവരും അടുത്തിടെ പ്രചരിപ്പിച്ചതിനെ മന്ത്രിസഭ അപലപിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെയും പുനഃസംപ്രേക്ഷണം ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം എല്ലാവരും വഹിക്കേണ്ടിവരും. കിംവദന്തികളും തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ചതായി തെളിയിക്കപ്പെടുന്നവര്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നല്‍കി.
സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ചെറുക്കാന്‍ സര്‍ക്കാര്‍ ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചതോടെ പ്രശസ്ത കുവൈത്തി ട്വീറ്റര്‍ മുഹമ്മദ് അല്‍അജമിയെ ദേശസുരക്ഷാ കേസില്‍ കുവൈത്ത് ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യാന്‍ നൂറോളം ട്വീറ്റര്‍മാരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് വിളിപ്പിച്ചിട്ടുണ്ട്.
ഡോ. നൂറ അല്‍മശ്ആന്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തലിന് ഇരയാകുന്ന ആദ്യ സംഭവമല്ല ഇത്. പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കു ശേഷം ജനുവരിയില്‍ ഇവര്‍ക്കെതിരെ സമാനമായ ആക്രമണമുണ്ടായിരുന്നു. മന്ത്രിയുടെ മുന്‍ ട്വീറ്റുകള്‍ കുത്തിപ്പൊക്കി വീണ്ടും പ്രസിദ്ധീകരിക്കുകയാണ് അന്ന് ചെയ്തത്.
അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ നൂറ അല്‍മശ്ആന്‍ ജനുവരി 17 ന് ആണ് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍കാര്യ സഹമന്ത്രിയുമായി ചുമതലയേറ്റത്. കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സിവില്‍ എന്‍ജിനീയറിംഗില്‍ പ്രൊഫസറായും കുവൈത്ത് തുറമുഖ കോര്‍പറേഷനില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റായും നേരത്തെ സേവമനുഷ്ഠിച്ചിട്ടുണ്ട്.