കുവൈത്ത് സിറ്റി – ഫിലിപ്പൈന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് നീക്കി. കഴിഞ്ഞ വര്‍ഷം മുതൽ ഏര്‍പ്പെടുത്തിയ വിലക്കാണ് കുവൈത്ത് നീക്കിയത്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ ചൊല്ലി ഫിലിപ്പൈന്‍സുമായി ഉടലെടുത്ത ഭിന്നതകളെ തുടര്‍ന്നായിരുന്നു വിലക്ക്.
ഫിലിപ്പിനോകള്‍ക്ക് എല്ലാതരം പ്രവേശന വിസകളും തൊഴില്‍ വിസകളും അനുവദിക്കാനും കുവൈത്ത് ബാധകമാക്കിയ റിക്രൂട്ട്‌മെന്റ് വിലക്ക് എടുത്തുകളയാനും വിദേശത്ത് നേരത്തെ ജോലി ചെയ്ത് പരിചയസമ്പത്തുള്ള ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും കുവൈത്തും ഫിലിപ്പൈന്‍സും ധാരണയിലെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും ഭാവിയില്‍ ഉടലെടുത്തേക്കാവുന്ന എല്ലാ ആശങ്കകളും പരിഹരിക്കാനും സംയുക്ത സാങ്കേതിക പ്രവര്‍ത്തക സമിതി രൂപീകരിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.