ന്യൂദൽഹി- മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. റോസ് അവന്യൂ കോടതികളിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇഡിയുടെ പ്രത്യേക അഭിഭാഷകൻ സുഹൈബ് ഹുസൈൻ വാദിച്ചെങ്കിലും ആവശ്യം കോടതി തള്ളി. മാർച്ച് 21-നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മെയിൽ പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂൺ 01 വരെ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിനാണ് വീണ്ടും കീഴടങ്ങിയത്.
സഹപ്രതി ചൻപ്രീത് സിംഗ് വ്യവസായികളിൽ നിന്ന് വൻതുക കൈപ്പറ്റിയതായും അരവിന്ദ് കെജ്രിവാളിൻ്റെ ഹോട്ടൽ താമസത്തിൻ്റെ ബില്ലുകൾ അടച്ചതായും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.