മക്ക- അറഫയിലെയും മുസ്തലിഫയിലെയും സേവന പ്രവർത്തനങ്ങൾ പൂർത്തിയാക്കി, നാല് ദിവസത്തെ മിനയിലെ സേവനങ്ങൾക്ക് ശേഷം വളണ്ടിയർമാർ മടങ്ങി. അവസാനത്തെ ഹാജിയെയും യാത്രയാക്കി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കെഎംസിസി വളണ്ടിയർമാരും നേതാക്കന്മാരും മിനായിൽ നിന്ന് മടങ്ങിയത്.
രജിസ്റ്റർ ചെയ്ത എല്ലാ സേവകർക്കും മക്കയിലേക്ക് കടക്കാൻ സാധിക്കാത്ത സാഹചര്യത്തിലും ജിദ്ദയിലെയും മക്കയിലെയും ആയിരത്തോളം പേർ ഈ വർഷം കർമ്മ നിരതരായി. ഇന്ത്യൻ ഹാജിമാർക്ക് വിശിഷ്യാ മലയാളികൾക്ക് അവരുടെ ഇഷ്ട ഭക്ഷണമായ കഞ്ഞി നൽകിക്കൊണ്ട് ഹാജിമാരുടെ വിശപ്പടക്കാൻ കഴിഞ്ഞ ചാരിതാർഥ്യമാണ് കഞ്ഞി ടീമിന്.
തെരെഞ്ഞെടുക്കപ്പെട്ട ഒരു ടീം അതിന്റെ മേൽനോട്ടം വഹിച്ചു. നടക്കാൻ കഴിയാത്ത ഹാജിമാർക്ക് വീൽ ചെയർ ലഭ്യമാക്കി അവരെ ജമാറാത്തുകളിൽ എത്തിച്ചു. അടിയന്തിര മെഡിക്കൽ സഹായം വേണ്ടവരെ ആശുപത്രിയിൽ എത്തിച്ചു. വഴിതെറ്റിയവരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. ഇങ്ങിനെ നീണ്ടുപോകുന്നു സേവന പ്രവർത്തനങ്ങൾ. മഹറം ഇല്ലാതെയെത്തിയ വനിതാ തീർത്ഥാടകർക്ക് താങ്ങും തണലുമായി ജിദ്ദ കെഎംസിസി വനിതാ വിങ് വളണ്ടിയർമാർ സ്‌തുത്യർഹമായ സേവനം ചെയ്തു.
മുൻ വർഷങ്ങളെ പോലെ തന്നെ വളരെ കൃത്യതയോടെയുള്ള സേവന പ്രവർത്തനങ്ങൾ ഈ വർഷവും നടത്താൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാ വളണ്ടിയർമാരും മിനയിൽ നിന്നും മടങ്ങിയത്.