മക്ക – ദീര്‍ഘകാലത്തെ പരിചയസമ്പത്തും മതിയായ യോഗ്യതകളുള്ള മാനവശേഷിയും തന്ത്രപരമായ ആസൂത്രണത്തോടെയുള്ള സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും സുരക്ഷിതമായ ഹജും സമ്പന്നമായ അനുഭവവും തീര്‍ഥാടകര്‍ക്ക് നേടിക്കൊടുക്കാന്‍ സഹായിച്ചതായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുരക്ഷാ വകുപ്പ് മേധാവികളെയും മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ബലിപെരുന്നാള്‍ ആശംസകളും, ഹജ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ചതിനുള്ള അഭിനന്ദനവും ആഭ്യന്തര മന്ത്രി സുരക്ഷാ സൈനിക മേധാവികളെയും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അറിയിച്ചു. ഹജ് സുരക്ഷാ പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിച്ചതില്‍ രാജാവിനും കിരീടാവകാശിക്കുമുള്ള അഭിമാനവും അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കുന്ന സുരക്ഷാ, സൈനിക മേഖലകള്‍ നടത്തുന്ന ശ്രമങ്ങളെയും അംഗീകൃത സുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും പാലിച്ച് നടപ്പാക്കുന്നതിനെയും അഭിനന്ദിച്ച ആഭ്യന്തര മന്ത്രി ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുത്ത സൈനിക, സുരക്ഷാ മേഖലകളില്‍ നിന്നുള്ള എല്ലാവരോടും തന്റെ ആശംസകള്‍ അറിയിക്കാന്‍ സുരക്ഷാ വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചു.
ഹജ് സുരക്ഷാ പദ്ധതികളും ക്രമസമാധാനപാലന പദ്ധതിയും നടപ്പാക്കുന്നത് ഹജ് സുരക്ഷാ സേന തുടരുന്നതായി ചടങ്ങില്‍ സംസാരിച്ച പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മുഴുവന്‍ വകുപ്പുകളും പരസ്പര സംയോജനത്തോടെയും മുഴുവന്‍ ആധുനിക സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും മാനുഷിക ശേഷികളും യാന്ത്രിക കഴിവുകളും ഉപയോഗിച്ചും ഇക്കാര്യത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു. ഹജ് പൂര്‍ത്തിയായി തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ ഹജ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത് ഹജ് സുരക്ഷാ സേന നിരന്തരം നിരീക്ഷിക്കുമെന്നും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
ദേശീയ സുരക്ഷാ ഏജന്‍സി മേധാവി അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദ്, ഉന്നത പണ്ഡിതസഭാംഗം ശൈഖ് ഡോ. അബ്ദുസ്സലാം അല്‍സുലൈമാന്‍, ദേശീയ സുരക്ഷാ ഏജന്‍സി ഉപമേധാവി അബ്ദുല്ല അല്‍ഹുവൈസ്, ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് അല്‍ഖഹ്ത്താനി, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ് എന്നിവരും ഹജില്‍ പങ്കാളിത്തം വഹിക്കുന്ന വിവിധ സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.