മക്ക- ഉരുകിയൊലിക്കുന്ന ചൂടായിരുന്നു ഏതാനും മണിക്കൂറുകൾ മുമ്പുവരെ മക്കയിൽ. മിനയിൽ കല്ലേറ് കർമ്മത്തിൽ പങ്കെടുക്കുന്നവരോട് ആവശ്യമായ മുൻ കരുതലുകളെല്ലാം എടുത്തുവേണം പുറത്തിറങ്ങാനെന്ന് ഹജ് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുവായിരിത്തോളം പേർക്ക് സൂര്യാതപം ഏറ്റതിന്റെ പശ്ചാതലത്തിൽ കൂടിയായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഉച്ചയോടെ മക്കയിലെ വിശുദ്ധ ഹറമിലും മിനായിലും ദൈവാനുഗ്രഹമായി മഴ പെയ്തു. ആദ്യം ചെറുതായി തുടങ്ങിയ മഴ പിന്നീട് കനത്തു.
മിനായിൽ കുട ചൂടി കല്ലേറ് കർമ്മത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് കുളിരായി മഴ അകമ്പടി സേവിച്ചു. കൊടുംചൂടിൽ ഉരുകിയ കുടകൾക്ക് മീതെ മഴ കോരിച്ചൊരിഞ്ഞു. മഴയും വെയിലുമേറ്റ് ഹാജിമാർ അള്ളാഹുവിന്റെ അനുഗ്രഹങ്ങളിലൂടെ ദൈവീക പ്രീതിക്കായി ചുവടുകൾ വെച്ചു നീങ്ങി.
വിശുദ്ധ ഹറമിലും ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴയാണ് പെയ്തത്. കനത്ത ചൂടിലും ദൈവീക പ്രീതി മാത്രം ലക്ഷ്യമാക്കി ആരാധന നിർവഹിച്ചവർക്ക് മഴ സമ്മാനമായി ലഭിച്ചിരിക്കുന്നു.
മിനായില്‍ താപനില ഗണ്യമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് തീര്‍ഥാടകരെ കല്ലേറ് കര്‍മത്തിന് കൂട്ടമായി ആനയിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്കും വിദേശ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനികളോടുമാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് കല്ലേറ് കര്‍മത്തിനുള്ള പുതിയ സമയക്രമം അറിയിക്കുമെന്നുമാണ് അറിയിപ്പിലുണ്ടായിരുന്നത്.
ചൂട് ഗണ്യമായി ഉയര്‍ന്നതോടെ അടിയന്തിര കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജംറ കോംപ്ലക്‌സിനു ചുറ്റും നിരവധി ആംബുലന്‍സുകള്‍ വിന്യസിച്ചിരുന്നു. ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് പുണ്യസ്ഥലങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയത്. മിനായില്‍ താപനില 49 ഡിഗ്രിയായി ഉയര്‍ന്നു. ഉച്ചക്ക് താപനില വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളില്‍ 52 ഡിഗ്രിയും അറഫയില്‍ 50 ഡിഗ്രിയും മിനായിലും മുസ്ദലിഫയിലും 49 ഡിഗ്രിയുമായിരുന്നെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
താപനില ഗണ്യമായി ഉയര്‍ന്നതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് ജംറയിലേക്ക് കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ വെയിലത്ത് പോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലിയും ഹാജിമാരോട് ആവശ്യപ്പെട്ടു. ചൂടിന് കാഠിന്യം കൂടിയ സമയത്ത് ദീര്‍ഘനേരം വെയിലേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായി മാറുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.