മക്ക- ഈ വർഷത്തെ വിശുദ്ധ ഹജിനെത്തിയ വിശിഷ്ടാതിഥികളെ മിനാ പാലസിലെ റോയൽ കോർട്ടിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് വേണ്ടിയാണ് വിശിഷ്ടാതിഥികളെ കിരീടാവകാശി സ്വീകരിച്ചത്. സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും വിശിഷ്ട പണ്ഡിതന്മാരും ശൈഖുമാരും, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ക്ഷണിതാക്കളും അറബ് ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാരും സൈനിക മേധാവികളും ഹജ്ജിൽ പങ്കെടുക്കുന്ന രാജ്യത്തിലെ സ്കൗട്ട് മേധാവികളുമാണ് മിനാ പാലസിൽ എത്തിയത്.
എല്ലാവരുടെയും ഭഗീരഥ പരിശ്രമങ്ങളും മഹത്തായ പ്രവൃത്തികളും തീർഥാടകർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ അഭിനന്ദിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അനുഗ്രഹീതമായ ഈദുൽ അദ്ഹയിൽ എല്ലാവരിൽ നിന്നുമുള്ള നല്ല കാര്യങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു.
അള്ളാഹുവിന്റെ വിശുദ്ധ ഭവനത്തിലെ തീർത്ഥാടകരെ സേവിക്കുന്നതിനുള്ള നിങ്ങളുടെ മഹത്തായ പരിശ്രമങ്ങളും മഹത്തായ പ്രവൃത്തികളും തീർത്ഥാടകരുടെ കാര്യങ്ങൾ സുഗമമാക്കുന്നതിലും അവരുടെ ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനും സഹായിച്ചു. വിശുദ്ധ മസ്ജിദുകളിൽ എത്തുന്നവർക്കുള്ള സേവനം തുടരാനും സുരക്ഷിതമായി ആരാധനകൾ നടത്താൻ അവരെ സഹായിക്കാനും, എല്ലാവർക്കും വിജയവും സമൃദ്ധിയും നൽകണമെന്നും ഞങ്ങൾ സർവ്വശക്തനായ ദൈവത്തോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ മേൽ അവൻ്റെ അനുഗ്രഹങ്ങൾ തുടരട്ടെയന്ന് പ്രാർത്ഥിക്കുന്നുവെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നാണ് കിരീടാവകാശി പ്രസംഗം അവസാനിപ്പിച്ചത്.
ഹജിൽ സൈനിക ഘടകങ്ങൾ സ്വീകരിച്ച നടപടിയെ പറ്റി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി വിശദീകരിച്ചു. മാനുഷിക, യാന്ത്രിക, എ.ഐ സംവിധാനങ്ങൾ കോർത്തിണക്കിയാണ് ഹജിന് സുരക്ഷ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോഗ്രാമുകളുടെ ഊർജവും ആധുനിക സാങ്കേതികവിദ്യയും, ഹജ്ജ് ജോലികൾ സുഗമമാക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും സഹായിച്ചു. തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം, ഇത് വളരെയധികം ഗുണം ചെയ്തു.
ആസൂത്രണത്തിലും സംഘാടനത്തിലും കാണിച്ച കൃത്യത, ഈ നിമിഷം വരെ ഹജിൻ്റെ വിജയത്തിൽ സ്വാധീനം ചെലുത്തിയതായി അദ്ദേഹം വിശദീകരിച്ചു. തുടർന്ന് കേണൽ മിഷാൽ ബിൻ മഹമാസ് അൽ ഹരിതി കവിത ചൊല്ലി.
സ്വീകരണച്ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് മിഷാൽ ബിൻ മജീദ് രാജകുമാരൻ, മക്ക ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിഷ്അൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, സഹമന്ത്രിയും മന്ത്രി സഭാംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ,തായിഫ് ഗവർണർ സൗദ് ബിൻ നഹർ ബിൻ സൗദ് രാജകുമാരൻ, ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ മൻസൂർ രാജകുമാരൻ, കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി, സൗദ് ബിൻ സൽമാൻ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ പങ്കെടുത്തു.