മിന – ഇത്തവണത്തെ ഹജ് സീസണില്‍ ഇതുവരെ 569 പേര്‍ക്ക് സൂര്യാഘാതവും കടുത്ത ചൂട് മൂലമുള്ള തളര്‍ച്ചയും നേരിട്ടതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും വെച്ച് ഇവര്‍ക്ക് മെഡിക്കല്‍ പ്രോട്ടോകോളുകള്‍ അനുസരിച്ച് ആവശ്യമായ ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കി. ഉയര്‍ന്ന ചൂട് ഇത്തവണത്തെ ഹജിന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് തടയാന്‍ കുടകള്‍ ഉപയോഗിക്കണമെന്നും പര്യാപ്തമായത്ര വെള്ളം കുടിക്കണമെന്നും ക്ഷീണവും തളര്‍ച്ചയും ഒഴിവാക്കാന്‍ ഹജ് കര്‍മങ്ങള്‍ക്കിടെ വിശ്രമമെടുക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സാധാരണ ജീവനക്കാരെ പോലെ ഹജ് മന്ത്രി പുണ്യസ്ഥലങ്ങളില്‍
മിന – ഹജ്, ഉംറ മന്ത്രാലയത്തിലെ സാദാ ജീവനക്കാരെ പോലെ മന്ത്രാലയത്തിന്റെ എംബ്ലങ്ങള്‍ പതിച്ച യൂനിഫോം ധരിച്ച് സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പുണ്യസ്ഥലങ്ങളില്‍ ഓടിനടക്കുന്ന കാഴ്ച വിസ്മയമായി.
തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ സുസജ്ജതയും വിലയിരുത്താനാണ് ഹജ്, ഉംറ മന്ത്രി പുണ്യസ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഓടിനടന്ന് സന്ദര്‍ശിച്ചത്. മന്ത്രാലയത്തിലെ മറ്റു രണ്ടു ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സാദാ ജീവനക്കാരെ പോലെ ഹജ്, ഉംറ മന്ത്രി പുണ്യസ്ഥലങ്ങളിലൂടെ ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മക്കയില്‍ നിന്ന് മിനായിലേക്കും മിനായില്‍ നിന്ന് അറഫയിലേക്കും അവിടെ നിന്ന് മുസ്ദലിഫയിലേക്കുമുള്ള ഹജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ഹജ്, ഉംറ മന്ത്രി പറഞ്ഞു.
മശാഇര്‍ മെട്രോയും 20,000 ലേറെ ബസുകളും ഹജ് തീര്‍ഥാടകരുടെ യാത്രകള്‍ക്ക് ഉപയോഗപ്പെടുത്തി. 60,000 ഓളം ഡ്രൈവര്‍മാരും ഫീല്‍ഡ് ഗൈഡുമാരും അടക്കം ഒരു ലക്ഷത്തിലേറെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഹാജിമാര്‍ക്ക് യാത്രാ സേവനങ്ങള്‍ നല്‍കുന്നതില്‍ പങ്കാളിത്തം വഹിച്ചതായും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
വൈദ്യുതി ലോഡ് റോക്കോര്‍ഡിട്ടു
മിന – അറഫദിനത്തില്‍ ഉച്ചക്ക് പുണ്യസ്ഥലങ്ങളില്‍ വൈദ്യുതി ലോഡ് സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് 454 മെഗാവാട്ട് ആയാണ് വൈദ്യുതി ലോഡ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലോഡ് ഗണ്യമായി ഉയര്‍ന്നിട്ടും വൈദ്യുതി സ്തംഭനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. മുഴുവന്‍ സമയവും നെറ്റ്‌വര്‍ക്ക് പ്രകടനം നിരീക്ഷിക്കാന്‍ കമ്പനിക്കു കീഴിലെ ടീമുകള്‍ സുസജ്ജരാണ്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഉയര്‍ന്ന നിലവാരത്തിലുള്ള, വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള വൈദ്യുതി സേവനം നല്‍കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ശ്രമിക്കുന്നതായും കമ്പനി പറഞ്ഞു.
മക്ക റൂട്ട് പദ്ധതി പ്രയോജനം 3,22,901 പേര്‍ക്ക്
മിന – വിദേശ ഹജ് തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സ്വദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഇത്തവണ 3,22,901 പേര്‍ക്ക് പ്രയോജനപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊറോക്കൊ, ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവര്‍ എന്നീ ഏഴു രാജ്യങ്ങളിലെ 11 അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഇത്തവണ മക്ക റൂട്ട് പദ്ധതി നടപ്പാക്കിയത്. മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയ ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളിലേക്ക് 35 ദിവസത്തിനിടെ 922 വിമാന സര്‍വീസുകള്‍ നടത്തി.
തുടര്‍ച്ചയായി ഇത് ആറാം വര്‍ഷമാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്. വിദേശ എയര്‍പോര്‍ട്ടുകളിലെ 91 കേന്ദ്രങ്ങള്‍ വഴി 24 മൊബൈല്‍ കൗണ്ടറുകളും 43 മൊബൈല്‍ ബാഗുകളും പ്രയോജനപ്പെടുത്തി ജവാസാത്ത് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കി. ഇത്തവണ മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കാളായ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശരാശരി 40 സെക്കന്റ് വീതമാണെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 50 സെക്കന്റ് ആയിരുന്നു. വിദേശ, ആരോഗ്യ, ഹജ്-ഉംറ, മീഡിയ മന്ത്രാലയങ്ങളും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമും ജവാസാത്ത് ഡയറക്ടറേറ്റും സഹകരിച്ചാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.