മുസ്ദലിഫ- അറഫക്ക് ശേഷം ഹാജിമാർ മുസ്ദലിഫയിലെത്തി. ഇന്ന് രാവിലെ അറഫയിലെത്തിയ ഹാജിമാർ അറഫയിൽ പകൽ ചെലവിട്ട ശേഷമാണ് സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം ഹാജിമാർ പ്രഭാതമാകുന്നതോടെ മിനായിലേക്ക് തിരിക്കും. നാളത്തെ ബലിപെരുന്നാൾ പ്രാർത്ഥനക്ക് ശേഷം ജംറത്തുൽ അഖബയിൽ കല്ലെറിയുകയും ബലികർമ്മം നടത്തുകയും ചെയ്യും. ഹജ് തീർത്ഥാടകരുടെ യാത്രയുടെ മൂന്നാം ഘട്ടമാണ് അറഫയിൽനിന്ന് മുസ്ദലിഫയിലേക്കുള്ള യാത്ര.
അതേസമയം ഇത്തവണ 18,33,164 പേര്‍ ഹജ് കര്‍മം നിര്‍വഹിക്കുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. വിദേശങ്ങളില്‍ നിന്നുള്ള 16,11,310 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 2,21,854 പേരുമാണ് ഹജ് കര്‍മം നിര്‍വഹിക്കുന്നത്. തീര്‍ഥാടകരില്‍ 9,58,137 പേര്‍ പുരുഷന്മാരും 8,75,027 പേര്‍ വനിതകളുമാണ്.
വിദേശ തീര്‍ഥാടകരില്‍ 22.3 ശതമാനം അറബ് രാജ്യങ്ങളില്‍ നിന്നും 66.3 ശതമാനം അറബേതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 11.3 ശതമാനം അറബേതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും 3.2 ശതമാനം അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്.
വിദേശ ഹാജിമാരില്‍ 15,46345 പേര്‍ വിമാന മാര്‍ഗവും 60,251 പേര്‍ കരമാര്‍ഗവും 4,714 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.