തിരുവനന്തപുരം – തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴെ തട്ടില്‍ മനസ്സിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടര്‍ച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയില്‍ വിലയിരുത്തലുണ്ടായി.
അതേസമയം എല്‍ ഡി എഫിന്റെ കനത്ത പരാജയത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പരാജയത്തില്‍ സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് സി പി ഐയുടെ വിവിധ ജില്ലാ കൗണ്‍സിലുകള്‍ രംഗത്തെത്തി. തെരഞ്ഞെടപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. എല്ലാ തെരഞ്ഞെടുപ്പിലും പരനാറി പ്രയോഗം പോലുളള പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രി തിരുത്താന്‍ തയാറാല്ലെന്ന് മാര്‍ കൂറിലോസിനെതിരായ പരാമര്‍ശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്നനാണെന്ന് പറയാന്‍ സി പി എമ്മില്‍ ആളില്ല. സിപിഐ എങ്കിലും ആ റോള്‍ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നിര്‍ത്തണം. കോണ്‍ഗ്രസ് വോട്ട് മാത്രമല്ല ബി ജെ പിയിലേക്ക് പോയത്. മുന്നണിയുടെ അടിസ്ഥാന വോട്ടുകളും പോയിട്ടുണ്ടെന്നും സി പി ഐയില്‍ വിലയിരുത്തലുണ്ടായി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ഐ പി എസുകാരനായ പോലീസ് ഓഫീസര്‍ ശ്രമിച്ചത് സംശയകരമാണ്. ഇ പി ജയരാജന്റെ ജാവദേക്കര്‍ കൂടിക്കാഴ്ചയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.