മക്ക – ഹജ് തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗംവരുത്താന്‍ ശ്രമിക്കുന്നവരെ സുരക്ഷാ സൈനികര്‍ ഉരുക്കുമുഷ്ഠി ഉപയോഗിച്ച് നേരിടുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി മുന്നറിയിപ്പ് നല്‍കി. വിസിറ്റ് വിസക്കാര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുവാദമില്ല.
സുരക്ഷാ വകുപ്പുകള്‍ പിടികൂടുന്നതിനു മുമ്പായി മക്കയിലുള്ള വിസിറ്റ് വിസക്കാര്‍ മക്കയില്‍ നിന്ന് സ്വമേധയാ പുറത്തുപോകണം. ദുല്‍ഖഅ്ദ 15 മുതല്‍ ഇതുവരെ ഹജ് നിയമം ലംഘിച്ച 1,35,989 വിസിറ്റ് വിസക്കാരെ പിടികൂടിയിട്ടുണ്ട്.
മീഖാത്തുകളിലും പ്രധാന നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള റോഡുകളിലും സുരക്ഷാ സൈനികര്‍ പരിശോധന ശക്തമാക്കിയതിന്റെ ഫലമായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശുമൈസി ചെക്ക് പോസ്റ്റിലെത്തുന്ന നിയമ ലംഘകരുടെ എണ്ണം 40 ശതമാനം തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
ഹജ് പെര്‍മിറ്റില്ലാത്തവര്‍ നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ അറഫയില്‍ ഹെലികോപ്റ്റര്‍ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ദരൈജാന്‍ പറഞ്ഞു.