റിയാദ് – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈനും കുവൈത്ത് വിദേശ മന്ത്രി അബ്ദുല്ല അലി അല്‍യഹ്‌യയും റിയാദില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു ചര്‍ച്ച നടത്തി.
വ്യത്യസ്ത മേഖലകളില്‍ മൂന്നു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി, ബഹുമുഖ ഏകോപനം ശക്തമാക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും മൂവരും വിശകലനം ചെയ്തു. രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
യെമന്‍ പ്രസിഡന്റും സൗദി പ്രതിരോധ മന്ത്രിയും ചര്‍ച്ച നടത്തി
റിയാദ് – യെമന്‍ പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമിയും സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചര്‍ച്ച നടത്തി. യെമനിലെ പുതിയ സംഭവവികാസങ്ങളും പ്രതിസന്ധി അവസാനിപ്പിക്കാനുള്ള റോഡ് മാപ്പില്‍ പുരോഗതി കൈവരിക്കാനും നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു.
യെമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുനല്‍കുന്ന, ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന എല്ലാറ്റിനും പിന്തുണ നല്‍കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് പ്രതിരോധ മന്ത്രി വ്യക്തമാക്കി. യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് ആലുജാബിര്‍, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിശാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൈഫ് എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.