കുവൈത്ത് സിറ്റി – നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സംഘടനയില്‍ ചേരാന്‍ ആളുകളെ ക്ഷണിക്കുകയും ചെയ്ത വിദേശിയെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിയമ വിരുദ്ധ ലക്ഷ്യങ്ങളോടെ സ്‌ഫോടകവസ്തു നിര്‍മാണം പഠിക്കുകയും കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസിൽ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
ഭീകര സംഘടനയുടെ സാമൂഹികമാധ്യമങ്ങളിലെ ചാനലുകളില്‍ പ്രതി പങ്കെടുക്കുകയും സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിവരങ്ങളും റെക്കോര്‍ഡിംഗുകളും പ്രചരിപ്പിക്കുകയും ചെയ്തു. വിദേശത്ത് ഭീകരർക്കൊപ്പം ചേരുന്നതിന് ഭീകര സംഘടനയുടെ അനുയായികളുമായി ആശയവിനിമയം നടത്തുകയും ആയുധ പരിശീലനം നടത്തുകയും ബോംബ് നിര്‍മാണം പഠിക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഭീകരന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.