- പിടിയിലായത് തന്റെ മുൻ സ്റ്റാഫ്. തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കില്ലെന്നും ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ പി.എ ശിവകുമാർ സ്വർണക്കടത്തിൽ കസ്റ്റംസ് പിടിയിലായ സംഭവത്തിൽ ഇന്ത്യാ മുന്നണിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സഖ്യകക്ഷികളായ സി.പി.എമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ആദ്യം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എം.പിയുടെ സഹായിയും അറസ്റ്റിലായിരിക്കുന്നു. ഇങ്ങനെ ഇവർ സ്വർണക്കടത്തിലും സഖ്യമാവുകയാണ്- രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയതായാണ് റിപോർട്ട്. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കൂടുതൽ വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല.
അതിനിടെ, ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ പ്രതികരിച്ചു. തന്റെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാർട്ട് ടൈം സ്റ്റാഫായി തല്ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72-കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും തരൂർ വിശദീകരിച്ചു.
തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അന്വേഷണത്തിലും തുടർനടപടിയിലും കസ്റ്റംസ് അധികൃതർക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ശശി തരൂർ വ്യക്തമാക്കി.