പാലക്കാട്: പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു. മണ്ണാർക്കാട് കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) മരിച്ചത്. രണ്ടു മാസം മുമ്പ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി ഇവർക്ക് മുറിവേറ്റിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ദിവസങ്ങൾക്കു ശേഷം നായ ചത്തു.
ഞായറാഴ്ച അസ്വസ്ഥതയെത്തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രികളിലും കോട്ടത്തറ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങി. രാവിലെ വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ മരിക്കുകയും ചെയ്തു.
ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്പ് എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. പേവിഷബാധ മൂലമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചു.