ജിദ്ദ – സൗദി അറേബ്യയിലെ പ്രമുഖ ടൂർണമെന്റുകളിൽ ഒന്നായ സൗദി കിംഗ്സ് കപ്പ് ഫൈനൽ ഈ മാസം 31ന് (മെയ്-31) ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് കിംഗ്സ് കപ്പിന്റെ രക്ഷാധികാരി. ബദ്ധവൈരികളായ അൽ ഹിലാലും അൽ നസ്റുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. നെയ്മറിന്റെ ടീം ആയ അൽ ഹിലാൽ കഴിഞ്ഞ ദിവസം സൗദി റോഷൻ ലീഗ് കിരീടം ചൂടിയിരുന്നു.
അതേസമയം, നെയ്മർ ഫൈനലിൽ കളിക്കില്ല. പരിക്കിൽനിന്ന് മോചിതനാകാത്തതാണ് താരത്തിന്റെ അഭാവത്തിന് കാരണം. അടുത്ത സീസണിന്റെ തുടക്കം വരെ നെയ്മർ കളിക്കില്ലെന്ന് ഹിലാൽ കോച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിലാലിന്റെ കിരീടാധാരണത്തിലെ ആഘോഷത്തിൽ നെയ്മർ ഗ്രൗണ്ടിൽ സജീവമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫൈനലിൽ കളത്തിലിറങ്ങും. സൗദി കിംഗ്സ് കപ്പോടെ 2023-2024 വർഷത്തിലെ സൗദിയിലെ സ്‌പോർട്‌സ് സീസണ് തിരശീല വീഴും.
സൗദിയിലെ പ്രധാന കായിക വിനോദമായ ഫുട്ബോളിന് സൽമാൻ രാജാവ് നൽകുന്ന പിന്തുണക്ക് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരൻ നന്ദി അറിയിച്ചു.
സൽമാൻ രാജാവിൻ്റെ ഉദാരമായ രക്ഷാകർതൃത്വം സ്‌പോർട്‌സിനും കായികതാരങ്ങൾക്കുമുള്ള ആദരവാണെന്നും അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു. കിംഗ്സ് കപ്പിൻ്റെ ഫൈനലിൽ എത്തിയ അൽ-ഹിലാൽ, അൽ-നാസർ ടീമുകളെ മന്ത്രി അഭിനന്ദിച്ചു.
അൽ-ഹിലാൽ അൽ-ഇത്തിഹാദിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്, സെമിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ 3-1 ന് അൽ-ഖലീജിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. അൽ-ഫൈഹയാണ് നിലവിലെ ചാമ്പ്യന്മാർ. ക്വാർട്ടർ ഫൈനലിൽ അൽ ഇത്തിഹാദാണ് ഫൈഹയെ പുറത്താക്കിയത്.