കണ്ണൂർ – പാനൂരിലെ രക്തസാക്ഷി മണ്ഡപ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്നും, ഈ വിഷയത്തിൽ ജില്ലാ കമ്മറ്റി വിശദീകരിക്കുമെന്നും സി. പി. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാനൂരിൽ ബോംബ് നിർമാണത്തിൽ മരിച്ചവർക്കായി നിർമിച്ച രക്തസാക്ഷി സ്മാരക മന്ദിര ഉദ്ഘാടനത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് കണ്ണൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.ഈ വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് ചോദിക്കണം.ഇതൊന്നും പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ല.
സോളാർ സമരം പരാജയമായിരുന്നു എന്ന ആരോപണത്തോട്, സമരത്തിലെ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് എം.വി.ഗോവിന്ദൻ മറുപടി നൽകി. “എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു.
എന്നിട്ട് വിപ്ലവം ജയിച്ചോ? അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല. സോളാർ സമര ഒത്തുതീർപ്പ് വിവാദത്തിൽ മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുകയാണ്.
മാധ്യമങ്ങളുടെ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് സമരത്തിന്റെ വിജയമാണ്.- ഗോവിന്ദൻ വ്യക്തമാക്കി. കേരളത്തിൽ എൽ.ഡി.എഫ് ഭൂരിപ സീറ്റിലും വിജയിക്കും. ബിജെപി സീറ്റിൽ പോലും വിജയിക്കില്ല. – ഗോവിന്ദൻ പറഞ്ഞു.