ഷാർജ: ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഓപൺഹൗസിൽ എത്തിയത് നൂറിലേറെ പരാതികൾ. കോൺസൽ ജനറൽ സതീഷ് കുമാർ ശിവനുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പ്രവാസികളുടെ പരാതികൾക്ക് കാതോർക്കാൻ എത്തിയിരുന്നു.
പാസ്പോർട്ട് പുതുക്കൽ, കമ്പനി ഉടമകളുമായുള്ള പ്രശ്നങ്ങൾ, പ്രവാസികളെ കാണാതായ കേസുകൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ജനുവിനിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച പരാതികളടക്കം120 പരാതികൾ ഓപൺ ഹൗസിൽ എത്തി.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ മുഴുവൻ വകുപ്പുകളെയും പങ്കെടുപ്പിച്ചാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഷാർജ മുതലുള്ള വടക്കൻ എമിറേറ്റുകളിലെ പ്രവാസികളുടെ പ്രശ്നങ്ങൾൾക്ക് പരിഹാരം കാണാൻ ഓപൺ ഹൗസ് ഒരുക്കിയതെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം മാത്രമല്ല, സാമൂഹികമായ ഇടപെടലുകൾ ആവശ്യമാണെങ്കിലും അതിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ ശ്രമം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.