കഴിഞ്ഞ ദിവസം മല്ലപ്പള്ളി ചെറുകോലിൽ വൃദ്ധദമ്പതികളായ ഹൈദ്രോസ് മുസ്ലിയാരും ഭാര്യ കുൽസുമ്മ ബീവിയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ’ എന്ന മെയ് അഞ്ചാം തിയ്യതി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാർത്ത കൂടെയുള്ളവർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ എന്റെ മനസ്സ് തെല്ലൊന്നുമല്ല പതറിയത്. വലിയ ദുഃഖവും നിരാശയും നിസ്സഹായതയും കുറെയേറെ സമയം മനസ്സിനെ വരിഞ്ഞുമുറുക്കി. പരസ്‌പരം നന്മചെയ്യുന്നവരെന്ന് കേളികേട്ട മലയാളി സമൂഹത്തിനിടയിലാണ് പ്രസ്തുത സംഭവം നടന്നതെന്നത് നാം നമ്മുടെ ചുറ്റുപാട് ഇനിയുമേറെ സസൂക്ഷമം ശ്രദ്ധിക്കേണ്ടതിന്റെ ഗൗരവമാണ് വ്യക്തമാക്കുന്നത്.
70 ഉം 80 ഉം വയസ്സായ ദമ്പതികളെ വീട്ടിനുള്ളിൽ ഇരിക്കുന്ന നിലയിലാണത്രെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിൽ ഗൃഹനാഥനായ ഹൈദ്രൂസ് മുസ്ലിയാരെ പള്ളിയിൽ കാണാതായതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് ആഴ്ചകൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കൊടും ചൂടിൽ മാംസം അഴുകി ഉണങ്ങിയിരുന്നെത്രെ. ഭാര്യ കുൽസുമ്മക്ക് കാഴ്ചയില്ലാത്തതിനാൽ വീട്ടിലെ പണികളെല്ലാം ആ വയസ്സായ ഭർത്താവാണ് ചെയ്തിരുന്നത്. ഹൈദ്രൂസ് ആദ്യം മരണപ്പെടുകയും പരസഹായമോ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അദ്ദേഹത്തിന്റെ സമീപമിരുന്ന് പിന്നീട് ഭാര്യയും മരണപ്പെട്ടതാകാം എന്നല്ലാമാണ് ആ വാർത്തയിലുണ്ടായിരുന്നത്.
സമൂഹം അനിവാര്യമായും ശ്രദ്ധിക്കേണ്ട വിഷയമായതിനാലാണ് ഇതിവിടെ പങ്കുവെച്ചത്. വാർത്തയിലെ ഓരോ വരിയും വായിക്കുമ്പോൾ എന്റെ ഉള്ളം പിടഞ്ഞു. കണ്ണിൽ വെള്ളം നിറഞ്ഞു. പരസഹായത്തിനാരുമില്ലാതെ ഒരു കുടുംബം അവിടെ ജീവിക്കുന്നുണ്ട് എന്നത് പരിസരവാസികൾക്കെല്ലാം അറിയാമായിരുന്നിട്ടും കുടുംബനാഥന്റെ അനക്കം നിലച്ചത് ശ്രദ്ധയിൽ പെടാൻ രണ്ടാഴ്ചയെടുത്തുവെന്നത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. നമുക്കിത് എന്താണ് പറ്റിയത്?!. കഴിയുന്ന സന്ദർഭങ്ങളിൽ ചുറ്റുമുള്ളവർ അവരെ സഹായിച്ചിരിക്കാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഒരു അയൽവാസിയോടും മഹല്ല് നിവാസിയോടുമുള്ള വിശ്വാസിയുടെ കടമയും കടപ്പാടും ഏതെങ്കിലും ഒരു സമയത്ത് മാത്രമാവരുത് എന്നാണ് ഈ സമയത്ത് ഉണർത്തുന്നത്. ഇത്രയും സവിശേഷ ശ്രദ്ധ നൽകേണ്ട കുടുംബങ്ങളുടെ കാര്യത്തിൽ വിശേഷിച്ചും.
പരസ്‌പരം സഹായിക്കുന്ന വിഷയത്തിൽ മുസ്‍ലിം സമൂഹം ഏറെ മുൻപന്തിയിൽ നിൽക്കുന്നുവെന്നത് പൊതുവെ പ്രശംസിക്കപ്പെട്ട കാര്യമാണ്. എന്നാൽ നമ്മുടെ സഹായങ്ങൾ ഇപ്പോൾ സ്വന്തം അയല്പക്കങ്ങളിൽ നിന്ന് മാറി സോഷ്യൽമീഡിയയിലൂടെയും മറ്റും വ്യാപകമാവുന്ന സഹായാഭ്യർഥനകളിലേക്ക് മാത്രമായി ചുരുങ്ങിയോ എന്ന് വിലയിരുത്തേണ്ടതുണ്ട്. വീടിന്റെ നാലുദിക്കിലേക്കുമുള്ള നാൽപത് വീടുകൾ നമ്മുടെ അയൽപക്കമാണെന്നതാണ് ഇസ്‌ലാമിക അധ്യാപനം.
ആ നിലയിൽ ചുറ്റും ആരെല്ലാമാണ് വാർധക്യ സഹജമായോ, രോഗം മൂലമോ, സാമ്പത്തികമായോ പ്രയാസമനുഭവിക്കുന്നത് എന്ന് അന്വേഷിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അവർക്ക് ആവുംവിധം സഹായമെത്തിക്കാനും വിഷയം പൊതുശ്രദ്ധയിൽ പെടുത്താനും നമുക്ക് സാധിക്കുകയും വേണം. മഹല്ല് സംവിധാനങ്ങൾക്കും ഈ വിഷയത്തിൽ വലിയ ദൗത്യം നിർവഹിക്കാനുണ്ട്. മഹല്ലിലെ ദുർബലരെയും പരസഹായമില്ലാത്തവരെയും കണ്ടെത്തി അവർക്ക് സഹായം നൽകാനും ശുശ്രൂഷിക്കാനും ആളുകളെ നിയോഗിക്കണം.
മഹല്ലിന്റെ കീഴിൽ സ്വയം സന്നദ്ധരായ യുവജനങ്ങളെ ഉൾപ്പെടുത്തി സംഘമുണ്ടാക്കുകയോ എസ് വൈ എസ് സാന്ത്വനം പോലുള്ള കൂട്ടായ്മകളെ ഉപയോഗപ്പെടുത്തുകയോ ആവാം. അയൽവാസികളോട് നമുക്കുള്ള കടമകളും അതിനു ലഭിക്കുന്ന പുണ്യവും അറിഞ്ഞാൽ ഏതൊരു വിശ്വാസിക്കും ഇത്തരം വിഷയങ്ങളിൽ വെറുതെയിരിക്കാനാവില്ല. രോഗീ പരിചരണ രംഗത്ത് ഖലീഫ ഉമർ(റ) അടക്കമുള്ള മുൻഗാമികൾ ജാഗ്രത പുലർത്തിയിരുന്നതും ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തിലാണ്.
കേവലം റമദാനിൽ മാത്രം ഒതുങ്ങുന്നതാവരുത് അയൽപക്കങ്ങളിലേക്കും പാവപെട്ടവരിലേക്കുമുള്ള നമ്മുടെ നടത്തങ്ങളും സഹായഹസ്തവും. വിഷയങ്ങളുടെ ഗൗരവമനുസരിച്ച് ദിവസം തോറുമോ, ആഴ്ചയിൽ ഒരിക്കലോ, മാസത്തിൽ രണ്ടുതവണയോ ഒക്കെയെങ്കിലും ഇത്തരം കുടുംബങ്ങളെ ചെന്നുകാണാനും വേണ്ടത് നിർവഹിക്കാനും നാം ഇനിയെങ്കിലും ശ്രദ്ധിക്കണം. ഈ സംഭവം നമ്മുടെ കണ്ണും ഹൃദയവും ശ്രദ്ധയുമെല്ലാം തുറപ്പിക്കണം. ലജ്ജകൊണ്ട് തലതാഴ്ത്താൻ, ശ്രദ്ധയില്ലായ്മയോർത്ത് സ്വയം കുറ്റപ്പെടുത്താനും ദുഃഖിക്കാനും ഒക്കെ നമ്മെ നിർബന്ധിപ്പിക്കുന്നുണ്ട് ഈ കാഴ്ച. തിരുനബി(സ്വ) തന്റെ പ്രിയ സഹചാരി അബൂഹുറൈറ(റ)ന് നൽകിയ ഉപദേശം നമ്മുടെ ഉള്ളു സ്പർശിക്കണം: ‘നീ നിന്റെ അയൽവാസിക്ക് നന്മകൾ ചെയ്യുക, നിനക്ക് നിർഭയനായ വിശ്വാസി ആകാം’.