തിരുവനന്തപുരം – പ്ലസ് വൺ പ്രവേശത്തിന് യോഗ്യത നേടിയവരേക്കാൾ സീറ്റുകൾ മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു.
ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉപരിപഠനത്തിനായി 80,190 സീറ്റുകൾ മലപ്പുറം ജില്ലയിലുണ്ട്. ഇവിടെ ഉപരിപഠനത്തിന് ആകെ യോഗ്യത നേടിയവരുടെ എണ്ണം 79,730 കുട്ടികളാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് നേരത്തെ അനുവദിച്ചിരുന്ന സീറ്റുകൾ 53,236 ആണ്. ഇതിൽ 22,600 സീറ്റ് സർക്കാർ മേഖലയിലും 19,350 സീറ്റ് എയിഡഡ് മേഖലയിലും 11,286 സീറ്റ് അൺ എയിഡഡ് മേഖലയിലുമാണ്. അഡീഷണൽ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റ് 6,105 ആണ്. ഇതിൽ സർക്കാർ മേഖലയിലെ 4,545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1,560 സീറ്റുകളും ഉൾപ്പെടുന്നു. മാർജിനിൽ സീറ്റ് വർധനവ് വഴി ലഭ്യമാക്കിയത് 11,635 സീറ്റുകളാണ്. ഇതിൽ 6,780 സീറ്റ് സർക്കാർ മേഖലയിലും 4,855 സീറ്റ് എയിഡഡ് മേഖലയിലുമാണ്. ഇങ്ങനെ വരുമ്പോൾ ആകെ ഹയർ സെക്കൻഡറി സീറ്റുകൾ സർക്കാർ മേഖലയിൽ 33,925 ഉം എയിഡഡ് മേഖലയിൽ 25,765 ഉം അൺഎയ്ഡഡ് മേഖലയിലൽ 11,286 അടക്കം ആകെ 70,976 സീറ്റുകളാണ്. ഇതിനു പുറമെ വി.എച്ച്.എസ്.ഇ മേഖലയിൽ 2,850 ഉം ഐ.ടി.ഐ മേഖലയിലൽ 5,484 ഉം പോളിടെക്നിക് മേഖലയിൽ 880 ഉം സീറ്റുകളാണുണ്ടാവുക. അങ്ങനെ ആകെ ഉപരിപഠനത്തിനായി 80,190 സീറ്റുകള് മലപ്പുറം ജില്ലയിൽ ലഭ്യമാണെന്നും ഇത് മലപ്പുറത്ത് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയവരേക്കാൾ കൂടുതലാണെന്നും ഇനി അനിവാര്യമായ മറ്റു സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞുവന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുകൂല നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group