ജിദ്ദ- മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി 2026 ഡിസംബര്‍ 31 വരെ നീട്ടിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ബാധകമാകുക.
നവംബര്‍ 27-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും ഡിസംബര്‍ 31 വരെയുള്ള തീയതികളിലേക്ക് നിശ്ചയിച്ചിരുന്നതുമായ ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാവുന്നതാണ്. യാത്ര തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ വാങ്ങാനും അവസരമുണ്ട്. തീയതി മാറ്റുന്നവര്‍ക്ക് സൗദി അറേബ്യയില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ലഭ്യമായ ഏത് വിമാനത്താവളത്തിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാം. 2027 ജനുവരി 14-നകം പുതുക്കിയ യാത്ര പൂര്‍ത്തിയാക്കണമെന്ന് എയര്‍ ഇന്ത്യ യാത്രാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2026 ഡിസംബര്‍ രണ്ട് മുതല്‍ ജിദ്ദയ്ക്കും മംഗളൂരുവിനും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കും. എന്നാല്‍ റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കുള്ള ഇളവുകള്‍:
- തീയതി മാറ്റം: 2026 ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 27-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് ലഭ്യത അനുസരിച്ച് ഒരു തവണ സൗജന്യമായി തീയതി മാറ്റാം.
- റീബുക്കിംഗ് സൗകര്യം: ജിദ്ദ, റിയാദ്, ദമാം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഇന്ത്യയ്ക്കും സൗദി അറേബ്യയിലെയോ ബഹ്റൈനിലെയോ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുള്ള ഏതെങ്കിലും വിമാനത്താവളത്തിനും ഇടയില്‍ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് റീബുക്ക് ചെയ്യാവുന്നതാണ്.
- സമയപരിധി: പുതുക്കിയ യാത്ര 2027 ജനുവരി 14-നകം പൂര്‍ത്തിയാക്കണം.
- റീഫണ്ട്: യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ ലഭിക്കും.



